സർക്കാർ 'മുന്നറിയിപ്പ്  പരസ്യം' നൽകിയിട്ടും അതിരപ്പള്ളിയിൽ ''കബാലി ഡാ ... !''

JULY 4, 2024, 10:32 AM

രണ്ടാഴ്ച മുമ്പ് മനോരമയിൽ ഒരു സർക്കാർ പരസ്യം വന്നു. മനുഷ്യവന്യ ജീവി സംഘർഷം ലഘൂകരണത്തിന് അടിയന്തിര പ്രതികരണ സംവിധാനം ഉദ്ഘാടനം ചെയ്യുന്ന സദ് വാർത്തയായിരുന്നു പരസ്യത്തിലെ ഉള്ളടക്കം. പതിവു പോലെ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന പടം പരസ്യത്തിലുണ്ട്. പണ്ട് സർക്കാർ പരസ്യങ്ങളിൽ അതാതു വകുപ്പു മന്ത്രിമാരുടെ ചിത്രം കൂടി പരസ്യത്തിൽ ഉൾപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. 'ഇപ്പോൾ എന്റെ തല' മാത്രം മതിയെന്ന നടൻ ശ്രീനിവാസന്റെ സൂപ്പർസ്റ്റാർ സരോജ്കുമാറിന്റെ ശൈലിയാണ് പി.ആർ.ഡി. സ്വീകരിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകളായി 38 എണ്ണമാണ് സംസ്ഥാനത്തുടനീളം പ്രവർത്തന സജ്ജമായിട്ടുള്ളത്.

ഏതായാലും പരസ്യങ്ങളിലൂടെ ഇക്കാര്യം ആദ്യം വായിച്ചറിഞ്ഞത് വന്യ മൃഗങ്ങളാണെന്ന് തോന്നുന്നു. കാരണം, ചൊവ്വാഴ്ച അതിരപ്പിള്ളി റൂട്ടിൽ 'കബാലി' എന്ന ശൂര വീരനായ കാട്ടാന നടു റോഡിൽ വട്ടം നിന്ന് ജനങ്ങളെ നക്ഷത്രമെണ്ണിച്ചത് രണ്ട് മണിക്കൂർ സമയമാണ്. വയനാട്ടിലെ കേണിച്ചിറയിലും മറ്റും കടുവകൾ ഇറങ്ങിയിരുന്നു, വനം വകുപ്പ് കൂടുവച്ച് പിടിക്കുന്തോറും കൂടുതൽ കടുവകൾ നാട്ടുകാരെ വിറപ്പിക്കാൻ നാട്ടിലിറങ്ങുകയാണ്. വന്യ മൃഗങ്ങൾക്കായി പത്രങ്ങളോ ചാനലുകളോ ഇല്ലാത്തതിനാൽ നാട്ടിൽ 'പ്രതികരണ സംവിധാനം' ഏർപ്പെടുത്തിയ കാര്യം അവയൊന്നും അറിഞ്ഞിട്ടുണ്ടാവില്ല!

ചൊവ്വാഴ്ച (ജൂലൈ 1) വന്യമൃഗ ശല്യത്തെക്കുറിച്ച് പീരുമേട്ടിലെ സി.പി.ഐ. അംഗമായ വാഴൂർ സോമൻ നിയമസഭയിൽ അവതരിപ്പിച്ച ചില കാര്യങ്ങളുണ്ട്. വനംവകുപ്പ് മന്ത്രിയാകട്ടെ സോമന്റെ പേരു പറയാതെ പീരുമേട്ടിലെ ഒരംഗമെന്ന മട്ടിൽ ഊശിയാക്കിയാണ് സംസാരിച്ചത്. മാത്രമല്ല, വനം  വകുപ്പ് നേരത്തെ ഭരിച്ചത് സി.പി.ഐ.ക്കാരായിരുന്നുവെന്ന കുത്തുവാക്കും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. രാജി ആവശ്യപ്പെട്ട സജീവ് ജോസഫിനോട് രാജിവച്ചും വെടിവച്ചും പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്ന് പറഞ്ഞുവെങ്കിലും, വനം വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ 'ജാഗ്രതക്കുറവ്' നിയമസഭാംഗങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.

vachakam
vachakam
vachakam

സോമനെ ശശിയാക്കിയോ?

വാഴൂർ സോമനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാട്ടുകാരുടെ രോഷം മുഴുവനും കേൾക്കേണ്ടത് അതാതു സ്ഥലത്തെ ജനപ്രതിനിധികളാണ്. എം.പി.യും എം.എൽ.എയും മുതൽ പഞ്ചായത്ത് മെമ്പർമാർവരെയാണ് നാട്ടുകാരുടെ തെറികേൾക്കേണ്ടി വരുന്നത്. 2018മുതൽ ഇടുക്കി ജില്ലയിൽ മാത്രം 22ലേറെ പേർ കാട്ടാനക്കലിയിൽ മരണമടഞ്ഞുവെന്നത് വനംവകുപ്പ് മന്ത്രിക്കും അറിയാവുന്ന കണക്കാണ്. സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ട ഒരു ജില്ലയിൽ നിന്നുള്ള എം.എൽ.എയുടെ ദീനരോദനത്തിന് തരം താണ നാൽക്കവല പ്രസംഗം നടത്തുന്ന വനംവകുപ്പു മന്ത്രി ജനങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുന്നതായി തോന്നുന്നില്ല. 2024 ഏപ്രിൽ അവസാനം മൂന്നാർ കന്നിമല എസ്റ്റേറ്റിൽ വച്ച് സുരേഷ് കുമാർ എന്ന ഒരാൾ കൊല്ലപ്പെട്ടപ്പോൾ വനം വകുപ്പ് നാട്ടുകാരെ ശാന്തരാക്കാനായി കുറേയേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. റാപ്പിഡ് റെസ്‌പോൺസ് ടീം കൂടുതൽ പേരെ ഉൾപ്പെടുത്തി ശക്തിപ്പെടുത്തുമെന്നായിരുന്നു ആദ്യത്തെ ഉറപ്പ്. എന്നാൽ ടീമിനെ തയ്യാറാക്കാനുള്ള നിർദ്ദേശം ധനവകുപ്പ് പിന്നീട് ഗൗനിച്ചതേയില്ല. കൂടുതൽ ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ആകെക്കൂടി 'പർച്ചേയ്‌സ് കമ്മീഷൻ' പിടുങ്ങാൻ കഴിയുന്ന ഡ്രോണുകൾ വാങ്ങാൻ ധനവകുപ്പ് അനുമതി നൽകി. നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ കൊല്ലപ്പെട്ട് ഒരാഴ്ച കഴിയും മുമ്പായിരുന്നു. സുരേഷ് കുമാറിന്റെ ജീവൻ കാട്ടാന അപഹരിച്ചത്.

ഉറപ്പിനുമാത്രം പഞ്ഞമില്ല   

vachakam
vachakam
vachakam

2024 ഏപ്രിൽ 27ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങളും സർക്കാർ കാറ്റിൽ പറത്തിക്കൊണ്ടാണ്, കുറെ മൊബൈൽ നമ്പറുകൾ മാത്രം നൽകിയുള്ള ഇപ്പോഴത്തെ പ്രതികരണ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അന്നത്തെ നടപ്പാക്കാത്ത തീരുമാനങ്ങൾ ഫ്‌ളാഷ് ബാക്കിൽ വായിച്ചാൽ മാത്രമേ വനംവകുപ്പിന്റെയും സർക്കാരിന്റെയും നിസ്സംഗതയുടെയും നിർവികാരതയുടെയും ആഴം മനസ്സിലാകൂ. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഉറപ്പാക്കുമെന്നായിരുന്നു ആദ്യ തീരുമാനം. ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതിയുടെ ഓഫീസ് എന്ന നിർദ്ദേശം പാലിക്കാതെ ഇപ്പോൾ ഇടുക്കി ജില്ലയിൽ എട്ട് എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്കായി എട്ട് മൊബൈൽ നമ്പറുകൾ മാത്രം നൽകി സർക്കാർ തടി തപ്പിയിരിക്കുകയാണ്. കൂടുതൽ ലൈറ്റിംഗ്, മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്ന യോഗ തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണിപ്പോൾ.

വയനാടിന്റെ  ദുരിതങ്ങൾ 

വയനാട് ജില്ലയുടെ പല പ്രദേശങ്ങളിലും വിദ്യാർത്ഥികളെ സ്‌കൂളിൽ അയയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഒരാൾക്ക് രോഗം വന്നാൽ, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതും, ദേവാലയങ്ങളിലേക്ക് തിരുക്കർമ്മങ്ങൾക്കായി രാവിലെ പോകാനാവാത്തതും ഇവിടെയുള്ള ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ്. അവയ്‌ക്കൊന്നും പരിഹാരം കണ്ടെത്താൻ കഴിയാത്ത വിധം സർക്കാർ നിഷ്‌ക്രിയരാണെന്നത് ജനത്തെ പ്രകോപിതരാക്കുന്നുണ്ട്.

vachakam
vachakam
vachakam

ട്രഷറി പൂട്ടുന്ന പുതിയ പണി 

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വലിയ ഗതികേടിലാണ്. പഞ്ചായത്തുകൾക്കായുള്ള ബജറ്റ് വിഹിതമെല്ലാം കടലാസിലാണിപ്പോൾ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് 2024ലെ സാമ്പത്തിക വർഷത്തിന്റെ അവസാനമാണ് അനുവദിച്ചത്. എന്നാൽ അനുവദിച്ച 1015 കോടി രൂപയത്രയും ട്രഷറി ക്യൂവിലായി. ഇതിനർത്ഥം തുകയുടെ 20 ശതമാനമോ അല്ലെങ്കിൽ ഏതാണ്  കൂടുതലെങ്കിൽ അതോ അനുവദിക്കാമെന്നാണ്. ഈ തുക 'ക്യാരി ഓവർ' എന്ന സാങ്കേതിക പ്രക്രിയയിൽ കുടുങ്ങി. ഇപ്പോൾ ധനമന്ത്രി പറയുന്നത്, ഈ സാമ്പത്തിക വർഷം തന്നെ ഈ തുക നൽകാൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ക്വാർട്ടറിൽ തന്നെ 3887 കോടി അനുവദിച്ചെന്ന് ധനമന്ത്രി പറയുമ്പോൾ, രണ്ടാം ഗഡു അനുവദിച്ചതിനു തൊട്ടു പിന്നാലെ ട്രഷറി നിയന്ത്രണമേർപ്പെടുത്തിയ കാര്യം ധനമന്ത്രി വിഴുങ്ങി. മാർച്ച് 23ന് മൂന്നാം ഗഡു അനുവദിച്ചെങ്കിലും തലേന്നു തന്നെ ട്രഷറി പൂട്ടിയതു മൂലം ഉദ്യോഗസ്ഥർക്ക് പണം വാങ്ങാൻ പോകാനുള്ള വണ്ടിക്കാശ് ലാഭമായി. ജൂൺ 30ന് ആദ്യ ക്വാർട്ടർ ആരംഭിക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശം ചില്ലിക്കാശില്ലാത്ത അവസ്ഥയാണ്.

പകർച്ചവ്യാധിയെന്ന് പറയല്ലേ 

സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെടുന്ന പകർച്ച വ്യാധികൾ പ്രതിരോധിക്കേണ്ടതിൽ തദ്ദേശ  സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. പണ്ട് 'മഴക്കാല പൂർവശുചികരണ' ത്തിനായുള്ള പണം ഇതുവരെ ധനവകുപ്പ് നൽകാത്തതിനാൽ പദ്ധതിയിലെ 'പൂർവ' എന്ന വിശേഷണം ഇപ്പോൾ സർക്കാർ രേഖകളിലേയില്ല! കാനകൾ വൃത്തിയാക്കാത്തതുമൂലം, മലിനജലം രോഗാണുക്കളുമായി 'സഹകരിച്ചാണ്' വീട്ടകങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. ഇതുമൂലം ദിവസേന സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം പതിനായിരം കടന്നു. ചൊവ്വാഴ്ച ഇക്കാര്യം അടിയന്തിര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാതിരുന്നത് സർക്കാരിന്റെ 'വീണ' സ്ഥലത്തു കിടന്നുള്ള ഉരുളലായി മാറി. എറണാകുളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ പടർന്നു പിടിക്കുന്ന മഞ്ഞപ്പിത്തത്തിന്റെ സ്രോതസ് പോലും കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. ഇതിനിടെ ഐ.സി.ഐ.സി.ഐ ബാങ്ക് നൽകിയ 40 ലക്ഷത്തിനു വാങ്ങിയ മൊബൈൽ പരിശോധനാ ലാബ് എറണാകുളം ടൗൺ ഹാളിൽ മഴയും വെയിലുമേറ്റ് കിടപ്പുണ്ട്. വാഹനം വാങ്ങിയതിന്റെ കമ്മീഷൻ ബന്ധപ്പെട്ടവർക്ക് കിട്ടിക്കഴിഞ്ഞതിനാൽ ഇനി അത് പ്രവർത്തന സജ്ജമാക്കാനുള്ള ജീവനക്കാരെ നിയമിക്കാനോ, ഡീസൽ കാശിനുള്ള വിഹിതം നൽകാനോ, ഈ വാഹനം ഫ്രീയായി കിട്ടിയ കൊച്ചിൻ കോർപ്പറേഷൻ ഇതുവരെ തയ്യാറാകാത്തതും പത്രവാർത്തയായിട്ടുണ്ട്. അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തിൽ ജില്ലയുടെ ഈ മൊബൈൽ ലാബ് ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് കൊണ്ടുപോകാൻ ജില്ലാ ഭരണകൂടവും കൊച്ചിൻ കോർപ്പറേഷനും സഹകരിച്ച് തീരുമാനമെടുത്താൽ മതി. ജനങ്ങൾക്കായി ഇത്തരം അർജന്റ് നടപടികൾ ഉണ്ടായാൽ ഭരണകൂടം അനങ്ങിത്തുടങ്ങുന്നതായി നമുക്ക് ബോധ്യപ്പെടും.

കേസ് നടത്തി കോടികൾ പോയി 

ഉന്നത വിദ്യാഭ്യാസ രംഗത്ത് 'വിപ്ലവം' കൊണ്ടുവരാനുള്ള ഒരു പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. എന്നാൽ ഇതേ മേഖലയിൽ സർക്കാരും ഗവർണറും തമ്മിലുള്ള നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വി.സിമാർ 1.13 കോടി രൂപ മുടക്കി കേസിനു പോയത് എന്തിനാണ്? കുട്ടികളുടെ സ്റ്റൈപ്പന്റ്, ഗസ്റ്റ് ലക്ച്ചർമാരുടെ ശമ്പളം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയെല്ലാം പണമില്ലാത്തതിനാൽ ഇതിനകം കുടിശ്ശികയായ വാഴ്‌സിറ്റികളിലെ തലവന്മാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത്രയേറെ തുക കേസുകൾക്കായി ചെലവഴിച്ചത് ജനദ്രോഹമല്ലേയെന്ന് ചിന്തിക്കണം.

വാഴ്‌സിറ്റികളെ ചുവപ്പണിയിക്കാൻ സർക്കാരും കാവി പുതപ്പിക്കാൻ ഗവർണറും എല്ലാ അടവുകളും പയറ്റുന്നു. കുട്ടി സഖാക്കൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും വരെ കൈയേറ്റം ചെയ്യുന്നു. തല്ലു കേസിൽ ആദ്യം പ്രതികളായ വിദ്യാർത്ഥികളുടെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞാണ് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിനർത്ഥം, കേരളാ പൊലീസിന്റെ 'ഭരണവർഗ പ്രീണനം' അവസാനിച്ചിട്ടില്ല എന്നല്ലേ ?

അഭിമന്യു എന്ന കണ്ണീർത്തുള്ളി 

ജൂലൈ 2ന് ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമന്യു വധത്തിന്റെ ആറാം വാർഷികമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചപ്പോൾ, ആ കേന്ദ്രസർക്കാർ ഉത്തരവിൽ പരാമർശിക്കപ്പെട്ടതാണ് അഭിമന്യു വധക്കേസ്. ആറ് വർഷമായിട്ടും സ്വന്തം സഖാവ് കൊല്ലപ്പെട്ട കേസ് വിചാരണയ്‌ക്കെത്തിക്കാത്ത ഈ സർക്കാർ പ്രീണിപ്പിക്കുന്നതാരെയാണ് ? പാർട്ടിക്ക് രക്തസാക്ഷിയെ കിട്ടിയാൽ ഫണ്ട് പിരിക്കാം, കെട്ടിടം പണിയാം. എന്തെങ്കിലും നക്കാപ്പിച്ച മരിച്ച സഖാവിന്റെ കുടുംബത്തിനും നൽകാം. ഇങ്ങനെയുള്ള പതിവ് പിരിവ് പരിപാടിയ്ക്കപ്പുറം മരിച്ചു വീഴുന്ന സഖാവിന്റെ ഓരോ തുള്ളിച്ചോരയും കാലം മാപ്പ് തരാത്തവിധം ജനഹൃദയങ്ങളിൽ ചില 'കോലങ്ങൾ' വരച്ചിടുമെന്ന കാര്യം ഭരണത്തിലുള്ളവർ മറക്കരുത്. ആ കോലങ്ങൾക്കു നേരെ പല്ല് ഞെരിച്ച് കാറിത്തുപ്പുന്നവരെ നമുക്ക് കാത്തിരിക്കാം. കത്തിമുനയിലേക്ക് ഒരു കുഞ്ഞാടിനെപോലെ അറിയാതെ ചെന്നു കയറിയ ആ മലയോര നിഷ്‌കളങ്കതയ്ക്കു മുമ്പിൽ, കണ്ണടച്ചു നിൽക്കുന്ന സഖാക്കളെയല്ല പാർട്ടിയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്. പകരം, ആ കൊടുംക്രൂരത നടത്തിയവരെ നീതിപീഠത്തിനു മുമ്പിലേക്ക് ആനയിക്കുന്ന ആദർശ രാഷ്ട്രീയത്തിന്റെ പുതിയ തലമുറയെയാണ്. ആ തലമുറയെ ലഹരി കൊടുത്തും പണം കൊടുത്തും ഷണ്ഡന്മാരാക്കാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല!

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam