എറണാകുളം: സംസ്ഥാന കേരള സംസ്ഥാന വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക പത്രം. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗത്തിലൂടെ കടുത്ത വിമർശനം ഉയർത്തിയത്.
“വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാൽ വെട്ടരുത്” എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തത് 610 കുടുംബങ്ങളെയും ക്രൈസ്തവ സമൂഹത്തെയും മാത്രമല്ല, മതേതര കേരളത്തെയാകെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ദീപിക ആരോപിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് “അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്ത് മിനിറ്റിനുള്ളിൽ പരിഹരിക്കും” എന്ന് പറഞ്ഞിരുന്ന വി.ഡി. സതീശൻറെ പഴയ പ്രസ്താവനയും ദീപിക ഓർമ്മിപ്പിച്ചു.
മതപ്രീണനത്തിനായി കോൺഗ്രസ് കൊണ്ടുവന്ന നിയമഭേദഗതികളാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണമായതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. 1995-ൽ വഖഫ് നിയമത്തിൽ കൊണ്ടുവന്ന 40-ാം അനുച്ഛേദ ഭേദഗതി പ്രകാരം, വഖഫ് ബോർഡ് അവകാശപ്പെടുന്ന സ്വത്തുകൾ നിലവിലെ രജിസ്ട്രേഷൻ നിയമങ്ങളെ മറികടന്ന് ഏറ്റെടുക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കിയെന്നാണ് വിമർശനം.
2019-ൽ മുനമ്പം മേഖലയിലെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അവിടുത്തെ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായെന്നും ദീപിക ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്നും മുനമ്പത്തെ വഖഫ് അവകാശവാദങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
