പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ 'പാലമായി' പ്രവർത്തിച്ചു എന്ന ആരോപണത്തിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിന് പൂർണ്ണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇനിയും ആവശ്യമെങ്കിൽ പാലങ്ങൾ ഉണ്ടാക്കുമെന്നും അതൊരു കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടാസിനെതിരെയുള്ള വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്.
പിഎം-ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിടുന്ന വിഷയത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ ജോൺ ബ്രിട്ടാസ് മധ്യസ്ഥനായി പ്രവർത്തിച്ചുവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എൽ.ഡി.എഫ്. മുന്നണിയിൽ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പെടെയുള്ളവർ എതിർപ്പ് ഉയർത്തിയതിന് പിന്നാലെ കേരളം പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. ഒരു എം.പി എന്ന നിലയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ബ്രിട്ടാസ് ചെയ്തത് ശരിയായ കാര്യമാണെന്നും അതിനെ വളച്ചൊടിച്ച് വിമർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമാണ് സി.പി.എം. നിലപാട്. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയോടൊപ്പം കേന്ദ്രമന്ത്രിയെ കണ്ടത് ശരിയാണെന്നും എന്നാൽ പദ്ധതിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്നും ജോൺ ബ്രിട്ടാസ് നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും, പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെ ബ്രിട്ടാസിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സി.പി.എമ്മിന് കരുത്തു പകർന്നിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
