കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ചോർന്നെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്ന ‘ഊമക്കത്ത്’ വിവാദത്തിൽ വിശദീകരണവുമായി ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുള്ള നിർദേശങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസ് ആണ് കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. എന്നാൽ വിധി ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ തന്നെ അത് ചോർന്നുവെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു.
അതോടൊപ്പം, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിക്കുന്ന തരത്തിൽ രജിസ്റ്റേഡ് തപാലിലൂടെ ഊമക്കത്തുകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ തുടങ്ങിയവർക്കും ഇത്തരം കത്തുകൾ ലഭിച്ചതോടെയാണ് വിഷയം കൂടുതൽ വിവാദമായത്.
ഈ സാഹചര്യത്തിലാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി ബൈജു കെ പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. എന്നാൽ ആ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന പരാമർശങ്ങൾ ഇല്ലെന്ന കാര്യമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
