തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ബി ഗോപാലകൃഷ്ണന്‍. 1977 മുതല്‍ 2021 വരെ ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ചാവക്കാട് ഉയര്‍ത്തിയതാണ് പുതിയ വിവാദത്തിന് കാരണമായത്.
പച്ചനിറത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫ്‌ളക്‌സില്‍ “50 വര്‍ഷത്തെ ഈ അവഗണ മാറണം” എന്ന വാചകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മുമ്പ് അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എമാര്‍ ഉണ്ടായില്ലെന്ന ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രസ്താവന മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ ഗോകുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഗുരുവായൂരില്‍ ഏകദേശം 48 ശതമാനം ഹൈന്ദവ ജനസംഖ്യയുണ്ടെങ്കിലും കഴിഞ്ഞ 50 വര്‍ഷമായി ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് മുന്നണികള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
