മലപ്പുറം: പുതുതായി വാങ്ങിയ ഐഫോൺ ഫോണിലെ തകരാർ പരിഹരിക്കാൻ തയ്യാറാകാതിരുന്ന കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. ഫോൺ വിലയായി നൽകിയ 69,900 രൂപ തിരികെ നൽകുന്നതിനൊപ്പം 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവുമടക്കം നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ വിധിച്ചു.
കീഴിശ്ശേരി തവനൂർ സ്വദേശിനിയായ സി. നീതുവാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. 2023 നവംബറിൽ മഞ്ചേരിയിലെ ഒരു മൊബൈൽ ഷോറൂമിൽ നിന്നാണ് നീതു ഐഫോൺ വാങ്ങിയത്. 2024 ജൂണിൽ ലഭിച്ച സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തിയതിന് പിന്നാലെ ഫോണിന്റെ ഡിസ്പ്ലേ പച്ച നിറത്തിലായതായി പരാതിയിൽ പറയുന്നു.
തുടർന്ന് ഷോറൂമിന്റെ നിർദേശപ്രകാരം കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഐഫോണിന്റെ അധികൃത സർവീസ് സെന്ററിലേക്ക് ഫോൺ കൈമാറി. അവിടെ നിന്ന് സാങ്കേതിക പരിശോധനയ്ക്കായി ബെംഗളൂരുവിലെ കേന്ദ്രത്തിലേക്ക് അയച്ചു. ഏകദേശം ഒരു മാസം കഴിഞ്ഞ് ഫോൺ തിരികെ ലഭിച്ചെങ്കിലും വീണ് കേടായതാണെന്ന കാരണം ചൂണ്ടിക്കാട്ടി ഫോണിന് മാറ്റം നൽകാനോ അറ്റകുറ്റപ്പണി നടത്താനോ കഴിയില്ലെന്ന് കമ്പനി അറിയിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം വാറന്റി കാലയളവിനുള്ളിൽ കണ്ടെത്തുന്ന തകരാറുകൾക്ക് പകരം നൽകുമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് സേവനം നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടി നീതു അഡ്വ. പി. പ്രദീപ്കുമാർ മുഖേന കമ്മീഷനെ സമീപിച്ചത്. പരാതി അംഗീകരിച്ച കമ്മീഷൻ, 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം 9 ശതമാനം പലിശയും നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കെ. മോഹൻദാസൻ പ്രസിഡന്റ് ആയ കമ്മീഷനും, പ്രീതി ശിവരാമൻ, സി. വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
