മലപ്പുറം: പൊതുപരിപാടിക്കിടെ കുട്ടികളോട് പെരുമാറിയ രീതിയെ ചൊല്ലി മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ഉയർന്ന വിവാദത്തിൽ പിന്തുണയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. ജലീലിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
പരിപാടിയുമായി ബന്ധപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കി എംഎസ്എഫും മുസ്ലിം ലീഗും വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണം നടത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു. മുസ്ലിം ലീഗിൽ നിന്ന് ജലീൽ വിട്ടതിനുശേഷം അദ്ദേഹത്തിനെതിരെ തുടർച്ചയായി രാഷ്ട്രീയ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും, പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന്റെ പ്രതികാര മനോഭാവമാണ് ഇപ്പോഴത്തെ പ്രചാരണത്തിന് പിന്നിലെന്നും പ്രസ്താവനയിൽ പറയുന്നു.
മുൻകാലങ്ങളിലും അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ജലീലിനെതിരെ ഉയർത്തിയെങ്കിലും അവ പിന്നീട് നിലനിന്നില്ലെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ഇത്തവണയും വിവാദം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ശ്രമമെന്നും, ജലീലിനൊപ്പം വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
മണ്ണാർക്കാട് നഗരസഭയിലെ വാർഡുതല വിജയാഘോഷ പരിപാടിക്കിടെയാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. വേദിയിലുണ്ടായിരുന്ന വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെ ഒരു കുട്ടിയുടെ വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടി വേദിയിലേക്ക് വിളിച്ചുവരുത്തുകയും ചെവിയിൽ പിടിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ പൊതുവേദിയിൽ അപമാനിച്ചുവെന്ന ആരോപണം ഉയർന്നു.
സംഭവത്തിൽ എംഎസ്എഫ് പ്രതിഷേധവുമായി രംഗത്തെത്തുകയും ജലീലിനെതിരെ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ കേസെടുത്തു.
വിവാദത്തിൽ പ്രതികരിച്ച കെ.ടി. ജലീൽ, കുട്ടികളുമായി ഇടപഴകുമ്പോൾ പൊതുപ്രവർത്തകനെന്നതിലുപരി അധ്യാപകനെന്ന നിലപാടിലാണ് താൻ പെരുമാറിയതെന്ന് വിശദീകരിച്ചു. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ പിഴവുകളും തിരുത്തിക്കാണിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാർഥിയുടെ ചെവിയിൽ പിടിച്ചത് ശരിയാണെങ്കിലും വേദനിപ്പിക്കുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് ബന്ധപ്പെട്ട മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
