മലപ്പുറം: പ്രകൃതിദത്ത ചേരുവകള്‍ എന്ന വ്യാജേന വിപണിയിലെത്തിച്ച ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയില്‍ അരീക്കോട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കേസെടുക്കുന്നത്അടക്കമുള്ള കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. പെണ്‍കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിളുകള്‍ ഞായറാഴ്ച ഔദ്യോഗികമായി ലാബ് പരിശോധനയ്ക്ക് അയക്കും.
കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി ഉപയോഗിച്ചിരുന്ന ഫെയ്സ് ക്രീമില്‍ അമിത അളവില്‍ മെര്‍ക്കുറി അടങ്ങിയിരുന്നതാണ് രോഗകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മെര്‍ക്കുറി വിഷബാധയെത്തുടര്‍ന്ന് ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് പെണ്‍കുട്ടിക്ക് പിടിപെട്ടത്.
കടുത്ത ക്ഷീണം, തലകറക്കം, ഉറക്കക്കുറവ്, രക്തസമ്മര്‍ദ്ദം
താഴുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ മെര്‍ക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന്, കുട്ടി ഉപയോഗിച്ചിരുന്ന ക്രീം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അപകടകരമായ അളവില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലാത്ത പ്രകൃതിദത്ത ഉല്‍പ്പന്നമാണെന്ന് വിശ്വസിപ്പിച്ചാണ് ഈ ക്രീം വില്‍പ്പന നടത്തിയിരുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അനധികൃതമായി ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
