തിരുവനന്തപുരം: കെ.എസ്. ആർ.റ്റി. സി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ ഉടൻ വിളിച്ച് പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കെ എസ് ആർ റ്റി സി എം ഡി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി ( സിറ്റി ആന്റ് റൂറൽ ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. അപകടങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നൽകണം.
യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെ എസ് ആർ റ്റി സി എം.ഡി, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി ( സിറ്റി ആന്റ് റൂറൽ) എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. ജില്ലാ കളക്ടറുടെ പ്രതിനിധിയും മറ്റ് ഉദ്യോഗസ്ഥരുടെ പ്രതിനിധികളും മാർച്ച് 18 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തുന്ന സിറ്റിംഗിൽ നേരിൽ ഹാജരായി വസ്തുതകൾ ധരിപ്പിക്കണം.
കെ എസ് ആർറ്റി സി ഡ്രൈവർമാരുടെ മരണപാച്ചിൽ കാരണം ജനങ്ങൾ ഭീതിയിലാണെന്നാണ് പരാതി. ഒരാഴ്ചക്കിടെയുണ്ടായ അപകടങ്ങളിൽ കാരയ്ക്കാമണ്ഡപത്ത് ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ ഗോപകുമാർ ബസ പകടത്തിൽ മരിച്ചു. കഴക്കൂട്ടത്ത് നടന്ന അപകടത്തിൽ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി.
കണിയാപുരത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് പള്ളിപ്പുറം സ്വദേശി മരിച്ചു.അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിന് നടുക്ക് ബസ് നിർത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്. ഡ്രൈവർമാർക്ക് വിശ്രമം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
