തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നഷ്ടപരിഹാരത്തിന് നിലവിലുണ്ടായിരുന്ന പരമാവധി തുകയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കി പുതിയ ഉത്തരവിറക്കി. കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, പുലി തുടങ്ങിയവയുടെ ആക്രമണം മൂലം കൃഷിനാശം നേരിടുന്ന കർഷകർക്ക് ഈ തീരുമാനം ആശ്വാസമാകും.
നഷ്ടപരിഹാര പട്ടികയിൽ തേങ്ങയും കൊക്കോയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യജീവികൾ നശിപ്പിക്കുന്ന തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയും നഷ്ടപരിഹാരം നൽകും. കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ നിലവിലെ നഷ്ടപരിഹാര നിരക്കുകൾ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്. നഷ്ടപരിഹാര നിരക്കുകൾ പുതുക്കണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശയും സർക്കാർ പരിഗണിച്ചു.
കൃഷിനാശം സംഭവിച്ചാൽ കർഷകർ 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിലോ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. തുടർന്ന് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ആറുമാസത്തിനകം നഷ്ടപരിഹാരത്തിനുള്ള ഔദ്യോഗിക അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപേക്ഷകരുടെ അർഹത സംബന്ധിച്ച മറ്റ് നിബന്ധനകളിൽ മാറ്റമില്ല. അവ നിലവിലുള്ളതുപോലെ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലകളിലെ കർഷകർക്ക് നഷ്ടപരിഹാര തുക വർധിപ്പിച്ചതും അപേക്ഷകളിലെ നിയന്ത്രണങ്ങൾ നീക്കിയതും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
