തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ആഭ്യന്തര വകുപ്പിന്റെയും കേരള പൊലീസിന്റെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായി നൂതന ഡിജിറ്റല്‍ സംവിധാനം നിലവില്‍വന്നു. ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള 'എച്ച്.എം ആക്ട്‌സ്', സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്ന 'ഹോംസ്' (HOMeS - Home Department Operations, Monitoring and e-Services) എന്നീ പോര്‍ട്ടലുകളാണ് പുതിയ സംവിധാനത്തിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.
ആഭ്യന്തരവകുപ്പും വിവിധ പൊലീസ് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും പരാതികളിന്മേലുള്ള നടപടികള്‍ വേഗത്തിലാക്കാനും ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സംസ്ഥാനത്ത് ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് ഉടനടി ലഭ്യമാകുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ പൊതുവായ കണക്കുകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ചെയ്യും.
പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓരോ പരാതിയും 'എച്ച്.എം ആക്ട്‌സ്' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരള പൊലീസിന്റെ 'ഐ-കോപ്‌സ്' സോഫ്റ്റ്‌വെയര്‍ വഴി ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറും. പരാതിയിന്മേലുള്ള ഓരോ ഘട്ടത്തിലെയും നടപടിക്രമങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. പരാതി തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷകര്‍ക്ക് എസ്.എം.എസ് മുഖേന ലഭ്യമാകും. അടിയന്തര ശ്രദ്ധ ആവശ്യമുള്ള കേസുകളില്‍ പ്രത്യേക അറിയിപ്പ് ലഭിക്കുന്ന സംവിധാനവും പോര്‍ട്ടലിലുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും പരാതിക്കാരുടെ വ്യക്തിഗത വിവരങ്ങളും ചോര്‍ന്നുപോകാതെ അതീവ സുരക്ഷയോടെ സൂക്ഷിക്കാനും ഈ സംവിധാനം പര്യാപ്തമാണ്.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പരാതികള്‍ തീര്‍പ്പാക്കുന്നതിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും പുതിയ ഡിജിറ്റല്‍ സംവിധാനം ഏറെ സഹായകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗൗരവസ്വഭാവമുള്ള പരാതികളില്‍ ഒട്ടും വൈകാതെ തന്നെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ സ്റ്റേഷനുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
