പത്തനംതിട്ട: മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നട തുറക്കുന്നതിന് മുൻപായി പൂർത്തിയാകുമെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.ഈ മാസം 17 - ന് നട തുറക്കുമ്പോൾ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകും.അരവണ നിർമ്മാണത്തിന് ആവശ്യമായ ശർക്കരയുടെ കാര്യത്തിൽ നിലവിൽ ആശങ്കകളില്ല. നെയ്യ് മിൽമയിൽ നിന്നാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. കൂടാതെ നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന് പ്രാധാന്യം നൽകുമെന്നും എല്ലാ ഡോളി സർവീസുകളും ഇനി മുതൽ പ്രീ - പെയ്ഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശുചിമുറികൾ ടെൻഡർ ആകുന്നത് വരെ ദേവസ്വം നേരിട്ട് കൈകാര്യം ചെയ്യും. ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കും. 200 ൽ അധികം തൊഴിലാളികളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും കെ ജയകുമാർ വ്യക്തമാക്കി.
അതേസമയം, ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽഐസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തീർത്ഥാടനത്തിനിടെ മരണപ്പെടുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
