ശബരിമല ഒരുങ്ങി; തീര്‍ഥാടകര്‍ക്ക് മൂന്ന് ദിവസത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്

NOVEMBER 13, 2026, 10:09 AM

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്‍.ഐ.സി.യുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീര്‍ഥാടനത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഭക്തരില്‍ നിന്നും യാതൊരു തുകയും ഈടാക്കാതെ, ഒന്നരക്കോടി രൂപ പ്രീമിയമായി ബോര്‍ഡ് നേരിട്ടാണ് അടയ്ക്കുന്നത്. സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. യാത്രയുടെ തലേദിവസം അപകടമരണങ്ങള്‍ക്ക് മാത്രമാണ് കവറേജുള്ളതെങ്കില്‍, സന്നിധാനത്ത് എത്തുന്ന ദിവസവും അതിന്റെ പിറ്റേന്നും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള സ്വാഭാവിക മരണങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് സംബന്ധമായ സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പമ്പയില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നതും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.

തീര്‍ഥാടകര്‍ക്ക് പ്രസാദം നാട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. സന്നിധാനത്തെ പ്രസാദ കൗണ്ടറുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന തപാല്‍ ഓഫീസ് വഴി അരവണയും അപ്പവും കേടുകൂടാതെ വീടുകളിലേക്ക് പാഴ്‌സലായി അയയ്ക്കാം. വൃശ്ചികപ്പുലരിയായ 17-ന് നട തുറക്കുമ്പോള്‍ 50 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരമുണ്ടാകുമെന്നും ശര്‍ക്കരയുടെ ലഭ്യതയില്‍ ആശങ്കയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. അരവണ, അപ്പം വിതരണത്തിനായി ധനലക്ഷ്മി ബാങ്കിന്റെ 19 കൗണ്ടറുകളും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൂന്ന് കൗണ്ടറുകളും ഉള്‍പ്പെടെ 22 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിനുപുറമെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഞ്ച് അരവണ വെന്‍ഡിങ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.

മരാമത്ത് പണികളെല്ലാം പൂര്‍ത്തിയായതിനൊപ്പം ഭക്തരുടെ യാത്ര സുഗമമാക്കാന്‍ നിരവധി പുതിയ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലകയറുന്നവര്‍ക്ക് വിശ്രമിക്കാനായി നീലിമലപ്പാതയില്‍ 200 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കുകയും അപ്പാച്ചിമേട്ടിലെ വിശ്രമസ്ഥലം നവീകരിക്കുകയും ചെയ്തു. നിലയ്ക്കലില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം വിശ്രമിക്കാവുന്ന കൂളറുകള്‍ ഘടിപ്പിച്ച രണ്ട് വലിയ പന്തലുകളും നിര്‍മ്മിച്ചിട്ടുണ്ട്. ശൗചാലയങ്ങള്‍ ടെന്‍ഡറാകുന്നതുവരെ ദേവസ്വം നേരിട്ട് നടത്തും. ഇവ ഓരോ മണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കാനായി 200-ലധികം തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്.

ദര്‍ശനത്തിനും യാത്രയ്ക്കും കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന ടാക്‌സികള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി നല്‍കും. നിലയ്ക്കലിലെ പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനായി എ.ഐ അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്.

സന്നിധാനത്തെ എക്‌സിക്യുട്ടീവ് ഓഫീസിന് സമീപമുള്ള വഴിപാട് കൗണ്ടറുകള്‍ താഴെത്തിരുമുറ്റത്ത് ദേവസ്വം ബുക്ക്സ്റ്റാളിന് മുന്നിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കും. വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേമെന്റിന് മുന്‍ഗണന നല്‍കുമ്പോള്‍, ഡോളി സര്‍വീസുകളെല്ലാം പൂര്‍ണ്ണമായും പ്രീപെയ്ഡ് ആക്കി മാറ്റിയിട്ടുണ്ട്. സന്നിധാനത്തെ അന്നദാനത്തിന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കാനും പമ്പയില്‍ വിപുലമായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാനും തീരുമാനമായി. ലൈസന്‍സുള്ളവര്‍ക്ക് മാത്രമായി വെടിവഴിപാടിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam