തിരുവനന്തപുരം : ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളിൽ റവന്യു അധികാരികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചാലും പ്രസ്തുത വസ്തുവിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നിർണയിക്കാനുള്ള അധികാരം റവന്യു വകുപ്പിന് നഷ്ടമാകില്ലെന്നും ഉത്തരവിൽ പറയുന്നു.
ഭൂനികുതി സ്വീകരിക്കുന്നത് സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള ഒരു ക്രമീകരണം മാത്രമാണ്. ഭൂനികുതി സ്വീകരിച്ചതു കൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശംസ്ഥാപിച്ചെടുക്കാൻ കഴിയില്ലെന്നതിന് നിരവധി മേൽകോടതി ഉത്തരവുകളുണ്ടെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിരീക്ഷിച്ചു.
വാമനപുരം സ്വദേശി വി. ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരിലുള്ള 3 3/4 സെന്റ് സ്ഥലത്തിന് 2023 ന് ശേഷം ഭൂനികുതി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരള ലാന്റ് ടാക്സ് നിയമ പ്രകാരം ഭൂനികുതി സ്വീകരിക്കാൻ കമ്മീഷൻ ഉത്തരവിട്ടെങ്കിലും റവന്യു വകുപ്പ് തയ്യാറായില്ല.
തുടർന്ന് നെടുമങ്ങാട് തഹസിൽദാരെ കമ്മീഷൻ നേരിൽ കേട്ടു. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്നും ഭൂനികുതി സ്വീകരിച്ചാൽ അത് പുറമ്പോക്ക് ഭൂമിക്കുള്ള സാധൂകരണമാകുമെന്നും തഹസിൽദാർ വാദിച്ചു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ആറോളം ഉത്തരവുകളും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. ഭൂനികുതി സ്വീകരിക്കണമെന്ന് കമ്മീഷൻ മുമ്പ് പാസാക്കിയ ഉത്തരവ് പുനഃപരിശോധിക്കുകയില്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. നെടുമങ്ങാട് താലൂക്ക് (എൽ.ആർ) തഹസിൽദാർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്