അതിശക്തമായ മഴ: ആറന്മുള, റാന്നി ദുരന്തമേഖലകള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

AUGUST 3, 2026, 8:46 PM

പത്തനംതിട്ട/തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരന്തബാധിത മേഖലകളായ ആറന്മുളയും റാണിയും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നേരിട്ടെത്തി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ആറന്മുള ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ജനങ്ങളുടെ ആശങ്കയും അയവില്ലാതെ തുടരുകയാണ്.

പമ്പാനദിയിലടക്കം ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റാനുള്ള രക്ഷാ പ്രവര്‍ത്തനം പ്രദേശത്ത് ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് പരമാവധി ശേഷിയിലേക്ക് എത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. അതിനാല്‍ നദീതീരങ്ങളില്‍ വസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും തീവ്ര ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വള്ളങ്ങളില്‍ പോലും യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam