തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പിൽ നിന്നും 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു എന്നു പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ബോധപൂർവം നുണ പറഞ്ഞ് സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭയിൽ തെറ്റായ വിവരം നൽകിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകും. 2016 ൽ അധികാരമേറ്റ ശേഷം ഇതുവരെ 50 ൽ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചു വിട്ടത് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. എന്നാൽ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് 144 പേർ എന്നാണ്. ഇത് നുണയും സഭയോടുള്ള അവഹേളനവുമാണ്. പിരിച്ചു വിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയിൽ വെയ്ക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം പറഞ്ഞ ഈ അവകാശവാദം പിൻവലിച്ച് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തിൽ സേനയ്ക്കു മാനക്കേട് ഉണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചു വിട്ടിരുന്നത്. എന്നാൽ പിണറായി വിജയൻ സർക്കാരിന്റെ ഒമ്പതര വർഷത്തെ ഭരണകാലയളവിൽ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്നു ശുപാർശയുണ്ടായിട്ടും നടപടിയെടുക്കപ്പെട്ട മിക്കവരും സർവീസിൽ നിന്നു ദീർഘകാലം വിട്ടുനിന്നവർ മാത്രമാണ്. ക്രിമിനൽകേസിൽ പെട്ട ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ ഈ സർക്കാർ സംരക്ഷിക്കുകയാണ് ചെയ്തത്. എന്നു മാത്രവുമല്ല, നല്ല ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി ഈ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ക്രമസമാധാനപാലന ചുമതല ഏൽപിക്കുകയും ചെയ്തു. സുപ്രധാന പദവികളിൽ കളങ്കിതരായ ഉദ്യോഗസ്ഥരെയാണ് ഈ സർ്കകാർ ഇതുവരേയും നിയമിച്ചത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളിൽ ആരോപണവിധേയനായി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഇപ്പോൾ പോലീസ് ആസ്ഥാനത്ത് സു്പ്രധാന പദവി വഹിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് ഉദയകുമാർ ഉരുട്ടി കൊലകേസുകളിലെ പ്രതികൾ രക്ഷപ്പെടാൻ കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥയാണെന്നാണ്. എന്നാൽ ഈ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സിബിഐ ആണ് എന്ന കാര്യം മുഖ്യമന്ത്രി ബോധപൂർവ്വം മറച്ചു വച്ചു. മുത്തങ്ങയിൽ വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ് അവിടെ വെടിവെയ്പ്പ് ഉണ്ടായത് എന്ന കാര്യവും മുഖ്യമന്ത്രി ബോധപൂർവ്വം വിട്ടുകളഞ്ഞു. ആദർശധീരനായ എകെ.ആന്റണിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
കോൺഗ്രസിന്റെ കാലത്താണ് ഏറ്റവും കൂടുതൽ വെടിവെപ്പുണ്ടായത് എന്ന ശുദ്ധ നുണയാണ് മുഖ്യമന്ത്രി പറഞ്ഞു പരത്തുന്നത്. ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്താണ് അങ്കമാലിയിൽ ജനങ്ങളെ വെടിവെച്ചു കൊന്നത്. വലിയതുറയിലും ചെറിയതുറയിലും വെടിവെച്ച് ആൾക്കാരെ കൊന്നതും ഇഎംഎസ് മന്ത്രിസഭയാണ്. കുപ്രസിദ്ധമായ ചന്ദനത്തോപ്പ് വെടിവെപ്പും രക്തസാക്ഷികളെയും ഇന്നും ജനം മറന്നിട്ടില്ല. കെഎസ്.യു നേതാവായിരുന്ന തേവരയിലെ മുരളിയെ അടിച്ചു കൊന്നതും ഇഎംഎസ് സർക്കാരിന്റെ കാലത്താണ്. രണ്ടാം ഇഎംെസ് സർക്കാരിന്റെ കാലത്താണ് കെ.എസ്.യു പ്രവർത്തകരായ സുധാകരഅക്കിത്തായും ശാന്താറാം ഷേണായിയും കാസർകോട്ട് പോലീസിന്റെ വെടി കൊണ്ട് മരിച്ചത്. മേൽപ്പടത്ത് വെടിവെപ്പുണ്ടായതും ഇതേ കാലത്തു തന്നെ. ഉറുദുഭാഷയ്ക്കു വേണ്ടി സമരം ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് വെടിവെച്ചു കൊന്നത് നായനാരുടെ കാലത്താണ്.
എന്തിനേറെ പറയുന്നു, നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരളപോലീസ് കോയമ്പത്തൂരിൽ നിന്നും തമിഴ്‌നാട് , ആന്ധ്ര പോലീസിന്റെ സഹായത്തോടെ പിടികൂടിയ മാവോയിസ്റ്റുകൾ ഇന്നും തൃശൂരിലെ അതീവസുരക്ഷാജയിലിൽ ഉണ്ട്. അതേ സമയം ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിച്ചു കൊണ്ടിരുന്നപ്പോൾ നാലു മാവോയിസ്റ്റുകളെയാണ് പോയിന്റ് ബ്‌ളാങ്കിൽ വെടിവെച്ചു കൊന്നത്.
പാലക്കാട്ട് സിറാജുന്നീസ എന്ന പെൺകുട്ടിയെ വെടിവെച്ചു കൊന്ന കേസിലെ കാരണക്കാരൻ എന്നാരോപിക്കപ്പെട്ട രമൺ ശ്രീവാസ്തവയെയാണ് ഒന്നാം പിണറായി സർക്കാർ പോലീസിന്റെ മുഖ്യ അഡൈ്വസർ ആക്കിയത്. കൂത്തുപറമ്പിൽ അഞ്ചു പേരെ വെടിവെച്ചു കൊന്ന നടപടിക്ക് ഉത്തരവിട്ടു എന്ന പേരിൽ സിപിഎം കുറ്റമാരോപിച്ച റവഡ ചന്ദ്രശേഖർ ആണ് ഇന്ന് കേരളത്തിന്റെ ഡിജിപി. അദ്ദേഹത്തിനെതിരെ സമരം ചെയ്ത സഖാക്കൾ ആരായി. എന്നിട്ടാണ് മുഖ്യമന്ത്രിയുടെ നുണപ്രചാരണം.
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് താനോ തിരുവഞ്ചൂരോ ഉമ്മൻ ചാണ്ടിയോ ആഭ്യന്തരത്തിന്റെ ചുമതല വഹിക്കുമ്പോൾ ഒറ്റ വെടിവെപ്പു പോലുമുണ്ടായിട്ടില്ലെന്നു മറക്കരുത്. പിണറായി വിജയനു കീഴിൽ ആഭ്യന്തര വകുപ്പ് ഭരണം സമ്പൂർണമായും പരാജയപ്പെട്ടത് മറയ്ക്കുന്നതിനാണ് അദ്ദേഹം ഈ നുണപ്രചരണം നടത്തുന്നത്. പോലീസ് ആക്ട് പ്രകാരമുള്ള പോലീസ് കംപ്ളെയ്ന്റ് അതോറിറ്റി പോലും ഫലപ്രദമായി കൊണ്ടുപോകാൻ ഈ സർക്കാരിനു സാധിക്കുന്നില്ല.
പോലീസ് കംപ്‌ളെയ്ന്റ് അതോറിറ്റിയിൽ പോലീസ് ഉദ്യോഗസ്ഥനല്ലാത്ത, നിർദ്ദിഷ്ട യോഗ്യതകളുമുള്ള ആളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 2022 ജൂണിൽ ഇറങ്ങിയിട്ടും ഇതുവരെയും അത് നടപ്പാക്കാൻ പിണറായി സർക്കാർ തയ്യാറായിട്ടില്ല. പോലീസിനെതിരെയുള്ള പരാതികൾ പോലീസ് തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യക്കുറവ് മനസിലാക്കിയാണ് 2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒരു സ്വതന്ത്രഇൻവെസ്റ്റിഗേറ്ററായിരിക്കണം ഇത് അന്വേഷിക്കണെമെന്ന തീരുമാനമെടുത്തത്. 2014 2017 കാലഘട്ടത്തിൽ താൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ഇന്ത്യയുടെ തന്നെ ചരിത്രത്തിൽ ആദ്യമായി പോലീസിനെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ പോലീസ് സേനയ്ക്കു പുറത്തുള്ള ഒരാളെ നിയമിച്ചു. ഈ കാലയളവിൽ അതോറിറ്റി പോലീസിന്റെ പ്രവർത്തനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയും ഫലപ്രദമായ ഇടപെടലുകൾ നടത്തുകയും ചെയ്തു. പാറശാലയിൽ ശ്രീജീവ് എന്ന ചെറുപ്പക്കാരന്റെ കസ്റ്റഡി മരണം പോലീസിന്റെ അനാസ്ഥ കൊണ്ടാണ് എന്ന് കണ്ടെത്തി കമ്മിഷന്റെ ശിപാർശ പ്രകാരം സർക്കാർ പത്ത് ലക്ഷം രൂപ മരണപ്പെട്ടയാളിന്റെ കുടുംബത്തിന് നൽകുകയുണ്ടായി.
എന്നാൽ പിണറായി വിജയൻ അധികാരമേറ്റെടുത്തയുടൻ ഈ നിയമനം റദ്ദാക്കുകയാണ് സർക്കാർ ചെയ്തത്. ഇതേത്തുടർന്ന് 2024 മാർച്ച് വരെ കഴിഞ്ഞ എട്ടുവർഷത്തിനിടെ കേരളം കണ്ടത് 16 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഈ വിഷയങ്ങളിലൊന്നിലും പോലീസ് കംപ്ളെയ്ന്റ് അതോറിറ്റി ഫലപ്രദമായി ഇടപെടുകയുണ്ടായില്ല. ഇരകൾക്കു നീതി ലഭിച്ചതുമില്ല. കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുമ്പോൾ പോലീസ് കംപ്‌ളെയന്റ് അതോറിറ്റി മൗനം തുടർന്നത് കുറ്റവാളികൾക്ക് ആത്മധൈര്യം നൽകുകയും കൂടുതൽ കസ്റ്റഡി മരണപരമ്പരകൾ തന്നെ നടക്കുകയും ചെയ്തു. ഈ വിഷയത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പോലീസിൽ നിന്നല്ലാത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തിരമായി നിയമിക്കാൻ കോടതി വിധി നിലവിലുണ്ടെങ്കിലും നോട്ടിഫിക്കേഷൻ ഇടയ്ക്കിടെ പുതുക്കിയിറക്കി യോഗ്യത അപ്രായോഗികമായി പുനർനിർണയിച്ച് ആളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി ഈ പോസ്റ്റ് ഒഴിപ്പിച്ചിട്ട് കോടതിയെപോലും കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇക്കാര്യത്തിൽ പോലീസിന് പുറത്തുനിന്നുള്ള ഒരാളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് അടിയന്തിര നടപടികളെടുക്കാൻ സർക്കാർ തയ്യാറായാൽ പോലീസിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും - രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്