തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മാറേണ്ടി വരുമെന്ന സൂചനകൾ ശക്തമാകുന്നു. സണ്ണി ജോസഫ് സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ അധ്യക്ഷ ചുമതല മറ്റൊരാൾക്ക് കൈമാറാനാണ് കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും കൊടിക്കുന്നിൽ സുരേഷിന്റെയും കെ.സി. ജോസഫിന്റെയും പേരുകളാണ് പരിഗണനയിൽ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം, രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും നേതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. പേരാവൂർ മണ്ഡലത്തിൽ നിന്ന് സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ ചുമതല ഒഴിയേണ്ടിവരും. മുൻപ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണന പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. നിയമസഭയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനും താൽപര്യമുണ്ടെങ്കിലും എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നതാണ് പാർട്ടിയിലെ പൊതുധാരണ.
മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.സി. ജോസഫിന്റെ പേരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ സജീവമാണ്. വിവിധ സമുദായ സംഘടനകളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ പരിചയസമ്പത്തും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഇതിന് പുറമെ ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരുടെയും പേരുകൾ ചർച്ചയിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമായിരിക്കും ഔദ്യോഗികമായി ചുമതല കൈമാറ്റം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
