തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. സിവിൽ ഏവിയേഷൻ സുരക്ഷ നിയമലംഘനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കേസിലെ തുടർനടപടികൾ ആരാഞ്ഞ് ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു.
2002 ജൂൺ പതിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി. പി. ഫർസിൻ മജീദ്, ആർ. കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പിന്നീട് ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെ. എസ്. ശബരിനാഥനെയും പ്രതിചേർത്തിരുന്നു.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾക്ക് പുറമെ, സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിലെയും എയർക്രാഫ്റ്റ് നിയമത്തിലെയും വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ നാലോ അഞ്ചോ ആഴ്ച യാത്രാ വിലക്ക് മാത്രം ചുമത്താവുന്ന കുറ്റങ്ങളാണ് പ്രതികൾ നടത്തിയതെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്. ഇതിനാലാണ് സംഭവം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും പൊലീസിന് കുറ്റപത്രം നൽകാനാകാത്തത്.
പലതവണ സംസ്ഥാന സർക്കാർ കത്തയച്ചെങ്കിലും കേന്ദ്രം കുറ്റപത്രത്തിന് അനുമതി നൽകിയിരുന്നില്ല. കഴിഞ്ഞദിവസമാണ് കുറ്റപത്രത്തിന് അനുമതി നൽകാനാകില്ലെന്ന് കാട്ടി കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന് കത്തയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്