തൃശൂർ: ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം ഡോക്ടറുടെ പിഴവ് മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തെറ്റായ റിപ്പോർട്ട് നൽകിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സർജൻ ഡോ ജോജോ വി ജോസഫിനെതിരെയും യുവതി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരന് ആണ് ദാരുണാവസ്ഥ ഉണ്ടായത്.
2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടത്തിലെ വേദനയെ തുടർന്നാണ് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ഷീജാ പ്രഭാകരന്‍ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പ്രാഥമിക പരിശോധനയില്‍ സ്ഥാനാർബുദമാകാമെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചതോടെ സ്ഥിരീകരിക്കാനായി തൃശൂരിലെ ജീവാ ലബോറട്ടറീസിലേക്ക് ബയോപ്സി പരിശോധനയ്ക്ക് അയച്ചു, ഫലം പോസിറ്റീവായിരുന്നു.
തുടർന്ന് ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ശാന്തി ആശുപത്രിയിലെ ഡോക്ടർ നിർദേശിച്ചു. ഉറപ്പുവരുത്താൻ കൂടുതൽ സൗകര്യമുള്ള ആശുപത്രിയില്‍ കൂടി പോയി രോഗം സ്ഥിരീകരിക്കാന്‍ തീരുമാനിച്ചാണ് കുടുംബം കൊച്ചിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തുന്നത്. ഫെബ്രുവരി 17ന് ആണ് ഓങ്കോളജി സര്‍ജന്‍ ഡോ ജോജോ വി ജോസഫ് ശസ്ത്രക്രിയ നടത്തി ഷീജയുടെ മാറിടം നീക്കം ചെയ്യുന്നത്. എന്നാൽ ജീവ ലബോറട്ടറിയില്‍ പരിശോധിച്ച ബയോപ്സി സാംപിള്‍ വീണ്ടും പരിശോധന നടത്തിയിരുന്നു, ഇതിൽ ഫലം നെഗറ്റീവ് ആയിട്ടും അത് പരിശോധിക്കാതെയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രംഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
