വിസ്മയം തീർത്ത വിസ്മയ തീരത്ത് പുസ്തകാവലോകനം

AUGUST 22, 2025, 11:26 PM

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ രചിച്ച 'വിസ്മയം തീർത്ത വിസ്മയ തീരത്ത്' എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്.

ഉമ്മൻചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓർമക്കുറിപ്പുകളും  പ്രവാഹംപോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാൾ തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്‌സാണ് പ്രസാധകർ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂർത്തി ഏറ്റുവാങ്ങി.

vachakam
vachakam
vachakam

ഉമ്മൻ ചാണ്ടിയോടൊപ്പം ഔദ്യോഗികമായും അനൗദ്യോഗികമായും രണ്ടു ദശാബ്ദത്തോളം പ്രവർത്തിച്ച ചാക്കോയുടെ അനുഭവങ്ങളിലൂടെയും ഓർമകളിലൂടെയും ഉമ്മൻ ചാണ്ടിയെ കൂടുതൽ ആഴത്തിൽ കണ്ടെത്താനുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്. ആദ്യം മുഖ്യമന്ത്രിയായ 2004-2006, പ്രതിപക്ഷനേതാവായിരുന്ന 2006-2011, വീണ്ടും മുഖ്യമന്ത്രിയായ 2011-2016 എന്നീ കാലഘട്ടങ്ങളിൽ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു.

പദവികളെല്ലാം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി പ്രവർത്തിച്ച പിന്നീടുള്ള കാലഘട്ടത്തിലും കൂടെയുണ്ടായിരുന്നു. കേരള ചരിത്രത്തിലെ ഈ സുപ്രധാന കാലഘട്ടത്തെയും കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവിനെയും കൂടുതൽ അടുത്തറിയാൻ പുസ്തകം സഹായിക്കും.

ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഞ്ഞടിച്ച സുനാമിയ നേരിട്ട മനക്കരുത്ത്, ശബരിമലയിൽ ശരവേഗമെത്തിയത്, സ്മാർട്ട് സിറ്റി പദ്ധതിക്കുവേണ്ടി ഉശിരൻ പോരാട്ടം നടത്തിയത്, ദാവോസിൽ പോയി ഉരുണ്ടുവീണത് തുടങ്ങിയ സംഭവങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.  ആദ്യത്തെ ജനസമ്പർക്ക പരിപാടിയും ഈ കാലഘട്ടത്തിൽ നടന്നു. ഉമ്മൻ ചാണ്ടി ജനമധ്യത്തിൽ ഉണ്ണാതെയും ഉറങ്ങാതെയും ചെലവഴിച്ച മണിക്കൂറുകൾ എണ്ണി ജനം അമ്പരന്നു.

vachakam
vachakam
vachakam

സോളാർ വിവാദത്തിനു മുമ്പ് മുല്ലപ്പൂ ചൂടിയ മറ്റൊരു വിവാദം ഉയർന്നപ്പോൾ ഒറ്റ പത്രസമ്മേളനത്തിലൂടെ ഉമ്മൻ ചാണ്ടി അതിനെ നിർവീര്യമാക്കി. മൂന്നാറിലെ മറയൂരിൽനിന്ന് കമ്പക്കല്ലിലേക്ക് 27 കിലോമീറ്റർ ജീപ്പിലും നടന്നും 10 മണിക്കൂറോളം യാത്ര ചെയ്തു നടത്തിയ കഞ്ചാവുവേട്ട ദേശീയശ്രദ്ധആകർഷിച്ചു. പമ്പയിൽനിന്ന് സന്നിധാനത്തെത്താൻ സാധാരണക്കാർക്ക് രണ്ടു മൂന്നു മണിക്കൂർ വേണമെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ഒരു മണിക്കൂറും പത്തുമിനിറ്റും മതിയായിരുന്നു. മുൻ രാഷ്ട്രപത്രി എപിജെ അബുൾ കലാം നിയമസഭയിൽ അവതരിപ്പിച്ച വിഷൻ 2010 നടപ്പാക്കാൻ റോക്കറ്റ് വേഗത്തിലാണ് തീരുമാനിച്ചത്.  

വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രകൃതി സംരക്ഷണത്തിന് കാടും മലയും കയറിയതിനേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി കയറി. മൂന്നാറിൽ പല തവണ അദ്ദേഹം കയ്യേറ്റ ഭൂമിയിലെത്തി. ഒരിക്കൽ അവിടെനിന്നു തിരികെ തിരുവനന്തപുരത്തേക്കു പോരുമ്പോൾ തന്റെ കാറിൽ കൂടെക്കൂട്ടിയത്  പട്ടികജാതി വിഭാഗത്തിലെ രാജൻ എന്ന വിദ്യാർത്ഥിയെയാണ്. ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാൻ ഉമ്മൻ ചാണ്ടി അവനെയും കൂട്ടി റവന്യൂ മന്ത്രിയേയും കളക്ടറേയുമൊക്കെ സമീപിച്ചെങ്കിലും നടന്നതില്ല.

തുടർന്ന് സ്വകാര്യ വ്യക്തികളിൽനിന്ന് പണം സമാഹരിച്ചാണ് രാജനെ യുകെയിൽ വിട്ടത്. അവിടെ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ രാജൻ ഇപ്പോൾ കുടുംബസമേതം യുകെയിൽ കഴിയുന്നു. ഇത്തരം നിരവധി ഹൃദയസ്പ്രുക്കായ സംഭവങ്ങളിലേക്കുള്ള  തിരനോട്ടം പുസ്തത്തിലുണ്ട്. ആദിവാസികളുടെ ദുരിത ഭൂമികയായ ആറളത്തും ചെങ്ങറയിലുമൊക്കെ അദ്ദേഹം ഓടിയെത്തി. ഭൂമാഫിയ റാഞ്ചിയ പൊന്മുടിയിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റ് തിരിച്ചുപിടിച്ചു.

vachakam
vachakam
vachakam

വെറും രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി രണ്ടാമത് മുഖ്യമന്ത്രിയായ 2011-2016 കാലഘട്ടം കേരള ചരിത്രത്തിൽ നിർണായകമാണ്. ഒരു സുവർണ കാലഘട്ടമെന്നും മുൾമുടി നിറഞ്ഞ കാലമെന്നും അതിനെ വിശേഷിപ്പിക്കാം. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം വികസനത്തിന്റെ ഇരമ്പൽ കേട്ട നാളുകൾ. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ ഒരുപിടി വൻകിട പദ്ധതികൾ. അതോടൊപ്പം  എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, കാരുണ്യ ചികിത്സാ പദ്ധതി, കോക്ലിയർ ഇംപ്ലാന്റേഷൻ, സൗജന്യ ജനറിക് മരുന്നുകൾ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളുടെ വേലിയേറ്റവും. ജനിച്ചുവീഴുന്ന കുഞ്ഞുമുതൽ വയോവൃദ്ധർ വരെയുള്ളവർക്ക് സംരക്ഷണം. ബാറുകൾ അടച്ചുപൂട്ടാനുള്ള ചങ്കൂറ്റം.  

മൂന്നു തവണ കൂടി ജനസമ്പർക്ക പരിപാടി നടത്തി ഉമ്മൻ ചാണ്ടി പാവപ്പെട്ട 12 ലക്ഷത്തോളം പേർക്ക് 243 കോടി /രൂപയുടെ സഹായം വിതരണം ചെയ്തു. ലോകത്താർക്കും നടപ്പാക്കാൻ കഴിയാത്ത ജനസമ്പർക്ക പരിപാടിക്കാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുജന സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. അവാർഡ് റദ്ദാക്കാൻ ഇടതുപക്ഷം യുഎൻ ആസ്ഥാനത്തേക്ക് ഇ മെയിൽ ബോംബിംഗ് തന്നെ നടത്തി. ലോകത്തിന്റെ നെറുകയിൽനിന്ന് അവാർഡുമായി തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി വീശിയുമാണ് ഇടതുപക്ഷം എതിരേറ്റത്. കണ്ണൂരിൽവച്ച് അദ്ദേഹത്തെ അവർ കല്ലെറിഞ്ഞു. അവരോട് അദ്ദേഹം ക്ഷമിച്ചത് മറ്റൊരു കഥ.

ബാർ കോഴക്കേസും സോളാർ കേസും കൂടാതെ അരഡസനോളം കേസുകൾ ഉണ്ടാക്കി ഉമ്മൻ ചാണ്ടിയെ വരിഞ്ഞുമുറുക്കി. അദ്ദേഹത്തിനെതിരേ ബലാൽസംഗക്കേസുവരെ എടുത്തു. മൂന്നു ദൗത്യസംഘങ്ങളെ അറസ്റ്റ് ചെയ്യാൻ നിയോഗിച്ചു. ജാമ്യം പോലും എടുക്കാതെ അദ്ദേഹം നെഞ്ചുവിരിച്ചു നിന്നു. കേരള പോലീസിനു കഴിയാതെ വന്നപ്പോൾ കേസ് സിബിഐക്കു വിട്ടു.

പീഡനാനുഭവ കാലമായിരുന്നു അത്. ഇതിന്റെയെല്ലാം ഫലമായി അദ്ദേഹം രോഗിയായി. 13 ആശുപത്രികളിൽ ചികിത്സ തേടി. 8 വർഷം രോഗിയായിരുന്നു. ചികിത്സ സംബന്ധിച്ചു വിവാദമുയർന്നു. മരണത്തിന്റെ മുന്നിലും അദ്ദേഹം കയ്യും കെട്ടിനിന്നു. അദ്ദേഹത്തിന്റെ അവസാന യാത്രയും ചരിത്രത്തിൽ ഇടംപിടിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാണോ,കെട്ടുകഥയാണോയെന്ന് സംശയം തോന്നും. എന്നാൽ ഇത് ഒരു പച്ചമനുഷ്യന്റെ പച്ചയായ ജീവിതമാണ്. ഇങ്ങനെയൊരു മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നെന്നു വരുംതലമുറയ്ക്ക് സംശയം തോന്നും. പച്ചയായ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഉമ്മൻ ചാണ്ടി ഇപ്പോഴും ജനങ്ങളുടെ ഇടയിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുസ്തകത്തിനു ലഭിച്ചിരിക്കുന്ന ഊഷ്മളമായ സീകരണം.

ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി ചാക്കോ എഴുതിയ ആറാമത്തെ പുസ്തകമാണിത്.

രാജു തരകൻ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam