തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് നടപടി. 15 ദിവസത്തിനകം പിഴത്തുക അടയ്ക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന കോർപ്പറേഷന്റെ നിർദേശം ലംഘിച്ചതാണ് പിഴ ചുമത്താൻ കാരണമായത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി നടപ്പാതകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കാൽനടയാത്രക്കാർക്ക് തടസ്സമാകുന്ന വിധത്തിൽ ബോർഡുകൾ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ.
അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തിന് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം ബോർഡുകൾ നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് പാലിക്കാത്തതിനെ തുടർന്നാണ് സാമ്പത്തിക പിഴ ചുമത്താൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിക്ക് സ്വാഗതം അറിയിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിനായി കോർപ്പറേഷൻ നേരിടേണ്ടിവരുന്ന ചെലവ് കണക്കിലെടുത്താണ് പിഴത്തുക നിശ്ചയിച്ചത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ ഇനിയും കർശന നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
