ആറ്റുകാൽ രാമകൃഷ്ണന് പിഴക്കില്ല മക്കളേ ! നാടിന്റെ തലവര മുൻകൂട്ടിവരയ്ക്കുന്ന സിനിമാക്കാർ?

MAY 15, 2024, 8:45 PM

മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന 'ടർബോ ജോസ്' എന്ന സിനിമയിലെ വില്ലൻ കന്നഡ നടനാണ്. മയക്കുമരുന്ന് വിപണനരംഗത്തെ രാജാവായ ആ കഥാപാത്രം സഞ്ചരിക്കുന്നതുപോലും ഹെലികോപ്ടറിലാണ്. ഇതറിഞ്ഞ് കേരളാ പൊലീസ് പോലും വാ പൊളിച്ചു നിൽക്കുന്നു.

കേരളത്തിലും കർണ്ണാടകത്തിലുമായി 40 ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കർണ്ണാടക പൊലീസാണ് കേരളാ പൊലീസിനെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അതായത് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെയും ഗുണ്ടാ പ്രവർത്തനങ്ങളുടെയും വേരുകൾ ആദ്യം കണ്ടെത്തുന്നത് മിഥുൻ മാനുവൽ തോമസിനെ പോലെയുള്ള സിനിമാ കഥയെഴുത്തുകാരാണ്. എന്തൊരു ദുർഗതിയല്ലേ?

അമ്പൂരിയിലെ എല്ലൂരി 'രാജാ'ക്കൻമാർ !

vachakam
vachakam
vachakam

തിരുവനന്തപുരം ജില്ലയിലെ വെള്ളറടയ്ക്കടുത്തുള്ള അമ്പൂരിയിൽ പെരുവഴിയിലൂടെ  കടന്നുപോകുന്നവരെ പോലും ആക്രമിക്കുന്ന, അയൽവീട്ടുകാരെ പോലും വീടുകയറി തല്ലുന്ന ക്രിമിനലുകൾ താവളമടിച്ചിട്ടുള്ള കാര്യം ഭരണകക്ഷിയുടെ ലോക്കൽ സെക്രട്ടറി തന്നെ പൊലീസിൽ അറിയിച്ചിട്ടും അനങ്ങാതെയിരിക്കുകയാണ് നമ്മുടെ നിയമപാലകർ. സ്വന്തം ജീവൻ പണയം വച്ച് നാട്ടുകാരെ സംരക്ഷിക്കാൻ മനസ്സില്ലെന്ന മട്ടിലാണ് ഇപ്പോൾ പോലീസിന്റെ അവസ്ഥ.

അമ്പൂരിയിൽ വീടിന്റെ മുകളിൽ കയറി നിന്ന് വഴിയാത്രക്കാരെ കല്ലെറിയുന്ന യുവാക്കളെക്കുറിച്ച് സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് തന്നെ പൊലീസിൽ അറിയിച്ചിരുന്നതാണ്. പ്രതികളായ അക്രമികളെപ്പറ്റി പൊലീസിന് അറിവില്ലാഞ്ഞിട്ടല്ല. പൊലീസ് വീട്ടിലെത്തി കഞ്ചാവ് ബീഡികളും മറ്റും കണ്ടെടുത്തുവെങ്കിലും, പ്രതികൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ കാര്യവും പൊലീസ് രേഖകളിലുണ്ട്.

ലഹരി മാഫിയയുടെ വേരുകൾ തലസ്ഥാനത്തെ അധികാരസ്ഥാനങ്ങളുടെ കീഴിൽ വരെ  എത്തിയിരിക്കാമെന്ന് ജനസംസാരമുണ്ട്. പൊലീസ് പിടിച്ചാൽ തന്നെ എളുപ്പം ജാമ്യം കിട്ടാൻ തക്കവിധത്തിലുള്ള ഒരു 'അധോലോകവഴി' പലരും നേരത്തെ കണ്ടെത്തിയിട്ടുമുണ്ടാവാം. എന്തായാലും കേരളത്തിലെ ക്രമസമാധാനം ഇനി ഗുണ്ടകളുടെ കൈകളിൽ ഏൽപ്പിക്കുകയാണ് ഭേദമെന്ന നിലയിലാണ് ഓരോ ദിവസത്തെയും മാധ്യമ വാർത്തകൾ.

vachakam
vachakam
vachakam

നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു, പക്ഷെ...

വോട്ടെടുപ്പിനു മുമ്പേ സംസ്ഥാനത്ത് 1880 ഗുണ്ടകൾ അഴിഞ്ഞാടുന്നുണ്ടെന്നും അവരെ പിടികൂടി ജയിലിൽ അടയ്ക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആകെ പിടികൂടിയതും ജയിലിൽ അടച്ചതും 107 ക്രിമിനലുകളെ മാത്രമാണ്. മയക്കുമരുന്ന് വിപണനം, മണൽക്കടത്ത്, മണ്ണ് കടത്തൽ തുടങ്ങി എല്ലാ സമൂഹവിരുദ്ധ പ്രവർത്തനങ്ങളും ജയിലിൽ ഇരുന്നുപോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലുള്ള 'നെറ്റ് വർക്ക്' ഗുണ്ടകൾ സ്വന്തമാക്കിക്കഴിഞ്ഞു.

കേരളം കടന്ന് കർണ്ണാടകയിലേക്ക് വളർന്നു പന്തലിച്ച 470 ഗുണ്ടകളെ കന്നഡ പൊലീസ് അടയാളപ്പെടുത്തിക്കഴിഞ്ഞു. ബംഗ്‌ളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾ  പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മയക്കുമരുന്ന് കച്ചവടത്തിലും, സ്വർണ്ണക്കള്ളക്കടത്തിലുമാണെന്നു മാത്രം. വലിയ തോതിൽ പണം വാരാൻ കഴിയുന്ന മയക്കുമരുന്ന് സ്വർണ്ണ കള്ളക്കടത്തിൽ നിന്ന് മറ്റ് മേഖലകളിലേക്ക് അവർ കണ്ണയയ്ക്കുന്നതേയില്ല.

vachakam
vachakam
vachakam

ഇരു സംസ്ഥാനങ്ങളിലും കണ്ണികളുള്ള 40 ഗുണ്ടാ സംഘങ്ങളുണ്ട്. ഇതിൽ പെട്ട 4 പേർ കർണ്ണാടക പൊലീസിന്റെ പിടിയിലായപ്പോഴാണ്  വിപുലമായ ഈ 'അധോലോകവല' യുടെ കണ്ണികൾ കണ്ടെത്താനായത്.

ലഹരിയുടെ പുതുവഴികളും കുറ്റകൃത്യങ്ങളും...

ലഹരി ഉപയോഗിച്ച് വീടുകളിലോ മറ്റ് രഹസ്യ താവളങ്ങളിലോ ചുരുണ്ടുകൂടിയിരിക്കുന്നവരല്ല ഇന്നുള്ള പല ലഹരി മരുന്ന് ഉപയോക്താക്കളും. അവർ സമൂഹത്തിലിറങ്ങി സംഘം ചേർന്ന് ജനജീവിതം കത്തിമുനയിലും തോക്കിൻ തുമ്പിലുമെല്ലാം നിർത്തുന്ന വിധം അപകടകാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പരമ്പരാഗതമായി മദ്യപാനത്തിനെതിരെയുള്ള സമരപാതയിലാണ് പല സംഘടനകളും.

മദ്യപിച്ച്, വാള് വച്ച് കീഴടങ്ങി ഭൂമി ദേവിയായി പോകുന്ന 'പരമ്പരാഗത പാമ്പുകൾ' ഇന്ന് കടിച്ചാൽ വിഷമില്ലാത്ത നിർക്കോലികളുടെ പരുവത്തിലാണ്. എന്നാൽ, നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും ആഡംബര വീടുകളിലും അയൽക്കാർ ആരെന്നു പോലും അറിയാത്ത വിധത്തിൽ താമസിക്കുന്ന പുതുതലമുറ രാസലഹരിയിൽ മുങ്ങിത്താണു കഴിഞ്ഞു. ആരംഭത്തിൽ പ്രതിരോധിക്കേണ്ട ലഹരിയുടെ പുതുവഴികളിൽ പൊലീസും ചില പാർട്ടി നേതാക്കളും ചുവപ്പ് പരവതാനി വിരിച്ചുകൊടുത്തുവോയെന്ന് ജനം സംശയിക്കുന്നുണ്ട്.

കൊലപാതകങ്ങളിലെ ലഹരി ബന്ധം

മനോരമയുടെ മെയ് 15 ലെ പ്രധാന വാർത്ത തന്നെ കേരളത്തിൽ വിലസുന്ന 1773 ഗുണ്ടകളെക്കുറിച്ചാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലം മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർ വോട്ടെണ്ണൻ കഴിഞ്ഞാൽ മാത്രമേ പഴയ ലാവണങ്ങളിൽ തിരിച്ചെത്തുകയുള്ളൂ. അതുകൊണ്ട് താത്കാലികമായി ഈ തസ്തികകളിൽ കഴിയുന്ന പൊലീസ് ഏമാന്മാർ മിണ്ടടക്കം പാലിച്ചിരിപ്പാണ്.

എന്തിന് വല്ല നാട്ടിലും പോയി ഗുണ്ടകളുടെ കൈയിൽ നിന്ന് പണി ഇരന്നു വാങ്ങണമെന്നും അവർ ചിന്തിക്കുന്നുണ്ടാവാം. സംസ്ഥാനത്ത് കഴിഞ്ഞ 4 മാസങ്ങളിലായി 142 പേർ കൊല്ലപ്പെട്ടു. ഇവയിൽ പലതും രാസലഹരിയുമായി ബന്ധമുള്ളതാണെന്ന് പൊലീസിനും സംശയമുണ്ട്. 2023ലെ ആദ്യത്തെ 4 മാസത്തിനുള്ളിൽ 103 കൊലപാതകങ്ങളേയുണ്ടായുള്ളൂവെന്ന കണക്കും പൊലീസ് രേഖകളിലുണ്ട്.

നന്മ നിറഞ്ഞ നാട്ടിൻപുറമോ, എവിടെ ?

'നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രം അളക്കുന്നു'വെന്നൊരു സിനിമാപ്പാട്ടുണ്ട്. മരിച്ചു പോയ ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഈ വരികൾ. പക്ഷെ, അതൊക്കെ പണ്ട്. ഇന്ന് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും തിന്മയുടെ തീക്കരങ്ങൾ നീണ്ടു കഴിഞ്ഞുവെന്ന് രഹസ്യപ്പൊലീസ് റിപ്പോർട്ടുകളുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങൾ നിർവികാരമായും നിസ്സംഗമായും കണ്ടുനിൽക്കുന്ന ഒരു പ്രത്യേകതരം വികാര രഹിത ഭാവം ഇപ്പോൾ സമൂഹത്തിന്റെ പൊതു സ്വഭാവമായിക്കഴിഞ്ഞു.

പൊതു   സമൂഹത്തിന്റെ ഈ നിസ്സംഗ നിലപാട്, ക്രിമിനലുകൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ, ഭരണ നടപടികളുടെ ഉപോൽപ്പന്നമാണോ എന്നും സംശയിക്കണം. ഇങ്ങനെയായിരുന്നില്ല, നമ്മുടെ നാടെന്ന് നെടുവീർപ്പോടെ പറയാനുള്ള പഴയ തലമുറപോലും ഒരു ഗതിയുമില്ലാതെ രോഗക്കിടക്കകളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്!
നവകേരള ബസ്സിനെതിരെ പ്രതിഷേധിച്ചവരെ തല്ലിയൊതുക്കാൻ മുഖ്യമന്ത്രിയുടെ ഗൺമാൻ പോലും വാഹനത്തിൽ നിന്ന് ഓടിയിറങ്ങിയത് നാം ചാനലുകളിൽ കണ്ടതാണ്. 40ൽ ഏറെ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഓടിത്തളരുന്നത് കണ്ട കേരളം, പൊതുജനത്തിന്റെ സൈ്വര്യജീവിതം ഭംഗപ്പെടുമ്പോഴുള്ള പൊലീസിന്റെ നിർജ്ജീവാവസ്ഥയിൽ ഭയപ്പാടിലാണ്.

മൂന്നു മാസത്തിൽ ഒരിക്കൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുക്കേണ്ട ക്രൈം കോൺഫറൻസ് കഴിഞ്ഞ 6 മാസമായി ചേർന്നിട്ടില്ല. മാത്രമല്ല, കാപ്പ ലിസ്റ്റിൽപ്പെടുത്താൻ പൊലീസ് നൽകുന്ന പട്ടികയിൽ കഴിഞ്ഞ 4 മാസമായി കളക്ടർമാർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതുകൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പലരും വിശ്രമത്തിലാണെന്നും അനന്തപുരിയിൽ നിന്നുള്ള പരദൂഷണങ്ങളിലുണ്ട്.

രാജാവിനെ സംരക്ഷിക്കുകയും പ്രജകളെ ഗുണ്ടകളുടെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്ന ഭരണരീതിയാണോ ചില പൊലീസ് ഉന്നതർ പുലർത്തുന്നതെന്ന സംശയവും ജനത്തിനുണ്ട്.

അവിചാരിതമായി നമുക്ക് നേരെ ഓടിയടുക്കുന്ന 'മരുന്നടിച്ച' കുറ്റവാളിയുടെ മുമ്പിൽ വിരിമാറ് കാട്ടുന്ന പോങ്ങന്മാരായി ജീവിക്കാൻ മലയാളി ഇന്ന് നിർബന്ധിതനാണ്. ദുൽക്കറിന്റെ ഒരു ചിത്രത്തിൽ നന്ദുവിന്റെ കഥാപാത്രം വിലപിച്ചതുപോലെ നമുക്കും വിളിക്കാം: എന്റെ ഭാരത (കേരള) മാതാവേ!

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam