തിരുവനന്തപുരം: കൊച്ചിയിൽ എൻസിസി ക്യാംപിൻ്റെ ചുമതലയിലായിരുന്ന ലഫ്റ്റനൻ്റ് കേണലിനെ ആക്രമിച്ച കുറ്റവാളികൾക്കെതിരേ കർശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
സൈനിക സേവനത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച തികഞ്ഞ ഗുണ്ടകളായ ഈ കുറ്റവാളികൾ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയർഹിക്കുന്നു. ഈ കുറ്റവാളികൾ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യപ്പെടണം. കേരള പോലീസിൻ്റെ അടിയന്തിരമായ നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പ്രോസിക്യൂഷൻ നടപടികളും കേസും താൻ വ്യക്തിപരമായി നിരീക്ഷിക്കുകയും 'താങ്കളും താങ്കളുടെ സർക്കാരും കടമ നിർവഹിക്കുന്നതിന് പകരം സമ്മർദ്ദ രാഷ്ട്രീയത്തിനടിപ്പെട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രോസിക്യൂഷൻ നടപടികളുമായി ഞാൻ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.
ഇടതുപക്ഷവും കോൺഗ്രസും കൂടി കേരളത്തിനു മേൽ അടിച്ചേൽപ്പിച്ച ഈ അനാശാസ്യ സംസ്കാരം മതിയായി. ഇനിയെങ്കിലും കർത്തവ്യം ശരിയായി നിർവഹിക്കാൻ സർക്കാർ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ഇതു സംബന്ധിച്ച് സമൂഹമാധ്യമമായ എക്സിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
നമ്മുടെ സംസ്ഥാനത്ത് നിയമം നടപ്പാക്കാനും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ, സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. ഇത് ലജ്ജാകരവും അർപ്പിതമായ കർത്തവ്യങ്ങളോടുള്ള നികൃഷ്ടമായ അവഗണനയുമാണ് . ഒരു വശത്ത് മുകളിൽ നിന്ന് താഴേക്ക് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മുതൽ ലോക്കൽ പോലീസ് വരെയുള്ളവർ ഹമാസിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നൽകുന്നു. മറുവശത്ത് പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നിരവധി പേരെ രക്ഷിക്കുകയും യൂണിഫോമിട്ട് രാജ്യത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നു. ഇത് തികച്ചും ലജ്ജാകരമാണ്. ഇത് അവസാനിപ്പിക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്