പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ എല്ലാ ശനിയാഴ്ചയും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തൽ പാടില്ല തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
എസ്ഐടിക്ക് ഇനി കൂടുതൽ കസ്റ്റഡി ആവശ്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം സമർപ്പിച്ച ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേസിന്റെ അടുത്ത ഘട്ടത്തിൽ വിശദമായി പരിശോധിക്കേണ്ടതാണെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും, രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പൂർണ്ണമായി പാലിച്ചല്ല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.
പീഡനം നടന്നതിന് ശേഷം പരാതിക്കാരി മൊഴി നൽകുന്നതിൽ ദീർഘമായ താമസം ഉണ്ടായെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി പരിഗണിച്ചു. ഏകദേശം ഒരു വർഷവും ഒൻപത് മാസവും കഴിഞ്ഞാണ് പരാതി നൽകിയതെന്ന കാര്യമാണ് ചൂണ്ടിക്കാണിച്ചത്.
അതേസമയം, പരാതിക്കാരി വിദേശത്തായതിനാൽ ജാമ്യത്തിലിറങ്ങിയാൽ ഭീഷണി നേരിടുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ എസ്ഐടിയുടെ കസ്റ്റഡി ഇനി ആവശ്യമായില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
