ആലപ്പുഴ: സമരത്തിനിടെ പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ വനിതാ നേതാവിനുള്ള സാമ്പത്തിക സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര് രൂക്ഷമാകുന്നു. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് 8 ലക്ഷം രൂപ സഹായം നൽകിയെന്ന അരിത ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമർശത്തിനെതിരെ മേഘ തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെ ആണ് പ്രശ്നം വഷളായത്.
ആലപ്പുഴ കളക്ട്രേറ്റ് മാർച്ചിന്റെ വാർഷിക ദിനത്തിലാണ് സംഘടനയെ പുകഴ്ത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ജനുവരി 15 ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. അന്ന് പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മേഘാ രഞ്ജിത്തിന് ചികിത്സാ സഹായത്തിന് പുറമെ പാർട്ടി ഏകദേശം 8 ലക്ഷം രൂപ സഹായമായി നൽകിയെന്നാണ് അരിത ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
എന്നാൽ അരിതയുടെ പോസ്റ്റിലെ പരാമർശത്തിനെതിരെ ആണ് മേഘ രംഗത്ത് എത്തിയത്. ഈ തുക തനിക്ക് കൈമാറാതെ ആരാണ് കൈപ്പറ്റിയത് എന്നായിരുന്നു പോസ്റ്റിന് താഴെ മേഘയുടെ കമന്റ്.
ഇതോടെ സംഭവം വലിയ ചർച്ചയാവുകയായിരുന്നു. തുടർന്ന് മേഘയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ രംഗത്തെത്തി. ഈ വാദപ്രതിവാദത്തിനിടെയാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ആകാശ് താഴശ്ശേരിയും രംഗത്ത് വന്നത്. കണക്ക് നിരത്തിയാണ് മേഘയ്ക്ക് ഫേസ്‌ബുക്കിൽ ആകാശ് മറുപടി നൽകിയത്.
പ്രധാനപ്പെട്ട സംഘടനകളും നേതാക്കളുടെ പേരും അവർ നൽകിയ തുകയും അടക്കം ആകെ ലഭിച്ചത് 7.16 ലക്ഷം രൂപയാണെന്നും ഇതിന് പുറമെ മേഘയ്ക്ക് നേരിട്ടും തുക ലഭിച്ചെന്നും ആകാശ് വ്യക്തമാക്കുന്നു.
എന്നാൽ ഈ കണക്ക് അടങ്ങുന്ന ബാങ്ക് രേഖ മേഘ പുറത്തുവിടണമെന്നാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. ചികിത്സ സഹായത്തിനു പുറമെ ലഭിച്ച തുകയെ ചൊല്ലി മേഘ ഇട്ട കമ്മന്റ് അനുചിതമായിപ്പോയെന്നാണ് നേതാക്കളിൽ മറ്റൊരു വിഭാഗം പറയുന്നത്.
സംഭവം വലിയ ചർച്ചയായതോടെ അരിത ബാബു പറഞ്ഞ ആകെ തുകയിൽ ഉള്ള വ്യക്തതക്കുറവാണ് കമന്റ് ഇടാൻ കാരണമെന്നും പാർട്ടി സഹായച്ചിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ച് മേഘ വീണ്ടും കമൻ്റിട്ടു. ഫേസ്ബുക്കിലെ പോരൊഴിച്ചാൽ മേഘയോ അരിത ബാബുവോ ഇക്കാര്യത്തിൽ നേരിട്ട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്