അർജന്റീന ടീം സന്ദർശനം: പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം

OCTOBER 27, 2025, 9:12 PM

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശന തീയതി മാറ്റം വന്നതിനെ തുടർന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് കായികമന്ത്രിയുടെ ഓഫീസ്. സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന തരത്തിൽ നടത്തുന്ന പ്രചരണം അങ്ങേയറ്റം ദുരുദ്ദേശപരമാണ്.

നവംബർ 30 കഴിഞ്ഞ് സ്റ്റേഡിയത്തിന്മേൽ ഒരവകാശവും സ്‌പോൺസർക്ക് നൽകിയിട്ടില്ല. തങ്ങളുടെ~ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ആർക്കും കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തിൽ ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ തുടർന്ന് നടക്കുന്ന എല്ലാ മത്സരങ്ങൾക്കും ഉപയോഗിക്കാം. ജിസിഡിഎയ്ക്കോ സർക്കാരനോ യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ സ്റ്റേഡിയം നവീകരിക്കുന്നതിനെയാണ് ചില മാധ്യമങ്ങളും സ്ഥാപിത താൽപ്പര്യക്കാരും വലിയ പാതകമായി വ്യാഖ്യാനിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് അർജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്‌പോൺസർമാരാകാൻ താൽപ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങൾ ആദ്യം സർക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്‌പോൺസറായി നിശ്ചയിച്ചവർ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് പിന്നീട് താൽപ്പര്യം അറിയിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോൺസറായി നിശ്ചയിക്കുകയും അവർ അർജന്റീന ഫുട്‌ബോൾ ഫെഡറേഷനു(എഎഫ്എ)മായി കരാറിൽ ഏർപ്പെടുകയും ചെയ്യുകയുമായിരുന്നു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോൺസറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. അർജന്റീനയുമായി ഒരു കരാറും ഇല്ലെന്നും ടീം വരില്ലെന്നുമാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. കേരളത്തിൽ വരുന്ന വിവരം എഎഫ്എ തന്നെ  ഔേദ്യാഗികമായി പ്രഖ്യാപിച്ച ശേഷമാണ് മാധ്യമങ്ങൾ മത്സരം നടക്കുമെന്ന വാർത്ത നൽകിയത്. ചില മാധ്യമങ്ങൾ ടിക്കറ്റ് നിരക്ക് സ്വയം നിശ്ചയിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

vachakam
vachakam
vachakam

 ജിസിഡിഎ സർക്കാരിന് നൽകിയ കത്ത് പ്രകാരമാണ് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സർക്കാർ പിഎസ്‌യു ആയ സ്‌പോർട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാൻ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജമാക്കാൻ ഗ്രൗണ്ട് നവീകരണം, പുതിയ കസേരകൾ സ്ഥാപിക്കൽ, ഫ്‌ളഡ്‌ലിറ്റ് സൗകര്യം നവീകരിക്കൽ, മറ്റു സിവിൽ വർക്കുകൾ എന്നീ കാര്യങ്ങൾ നടത്തേണ്ടതായി വന്നു. ഈ പ്രവൃത്തികൾക്കെല്ലാമുള്ള സാമ്പത്തിക ഉത്തരവാദിത്തം സ്‌പോൺസർ നിർവഹിക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. മേൽനോട്ടത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും ഒരു ടെക്‌നിക്കൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. 

അർജന്റീന സന്ദർശനം മുടക്കാൻ എഎഫ്എയ്ക്ക്് നിരന്തരം വ്യാജ പരാതികൾ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധിയാണ്. ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിനാകെ അപമാനമാണ്. നവംബറിൽ നിശ്ചയിച്ച മത്സരം മാറ്റേണ്ടിവന്ന സാഹചര്യം മന്ത്രിയും സ്‌പോൺസറും മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചതാണ്. വ്യാജവാർത്തകൾ സൃഷ്ടിക്കുകയും അതിന്മേൽ വിശദീകരണം തേടി മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് മാധ്യമ ഗുണ്ടായിസമാണ്.

കർണാടകയിലെ ഭൂമി കുംഭകോണം സംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയണം. കായിക പ്രേമികൾക്ക് അർജന്റീന യുടെ മത്സരം കാണാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. ഫിഫ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൊച്ചി  സ്റ്റേഡിയത്തെ ഇന്ത്യയിലെ രണ്ടാമത്തെ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര  സ്റ്റേഡിയമായി ഉയർത്താനുള്ള  പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇത്തരത്തിലൊരു സ്റ്റേഡിയം ഉയർന്നു വരുന്നതിനെ തകർക്കാനുള്ള ഗൂഢനീക്കാമായി മാത്രമേ ഇപ്പോഴുള്ള പ്രചാരണങ്ങളെ  കാണാൻ കഴിയൂ. സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ തുടരും. മറിച്ച് നടക്കുന്ന കുപ്രചാരണങ്ങൾ തള്ളിക്കളയണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam