കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പത് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് നട്ടെല്ലിൽ നിന്ന് സ്രവം എടുത്ത് പരിശോധന നടത്തണമെന്ന് നിർദേശിച്ചതോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെ നടത്തിയ പിസിആർ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. രോഗബാധയുടെ ഉറവിടം എവിടെയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടൂർ സ്വദേശിയായ ഒമ്പത് വയസുകാരനും ഇപ്പോഴും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം അപൂർവമായെങ്കിലും ഗുരുതര സ്വഭാവമുള്ള രോഗമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലിനജലത്തിൽ കുളിക്കുന്നതും സുരക്ഷിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
