കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം രണ്ട് വര്‍ഷം മുന്‍പുവരെ കണ്ടതില്‍ നിന്ന് രോഗത്തിന് വളരെയേറെ മാറ്റമെന്ന് വിദഗ്ധര്‍. നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് കുറച്ചുവര്‍ഷം മുന്‍പുവരെ കണ്ടിരുന്നത്. എന്നാല്‍, ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് ഇപ്പോള്‍ വ്യാപകമായുള്ളത്.
അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ.എസ്. അനൂപ് കുമാര്‍ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനമായ ജലത്തില്‍ മുങ്ങിക്കുളിക്കുകയോ, ചാടിക്കുളിക്കുകയോ ചെയ്യുമ്പോള്‍ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറില്‍ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്.
എന്നാല്‍ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകള്‍ ജലകണികകള്‍ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസ്സുമായുള്ള സമ്പര്‍ക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകള്‍ വഴി രക്തത്തിലേക്ക് കലര്‍ന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഡോ. അനൂപ് പറയുന്നു. എന്തുകൊണ്ടാണ് ജലസ്രോതസ്സുകളില്‍ ഈ അമീബയുടെ സാന്നിധ്യം വര്‍ധിച്ചതെന്നതില്‍ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്