പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ആശയക്കുഴപ്പത്തിനിടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ഇറങ്ങുമെന്നാണ് ആദ്യം കരുതിയതെങ്കിലും ഏകദേശം 10 സെക്കൻഡ് ആകാശത്ത് നിലയുറപ്പിച്ച ശേഷം ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു.
പ്രോട്ടോക്കോൾ പ്രകാരം മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന നിർദേശം പാലിക്കാതെയാണ് ഹെലികോപ്റ്റർ എത്തിയതെന്നാണ് വിവരം. 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള ശബരിമല പ്രദേശങ്ങൾ നിയന്ത്രിത മേഖലയാണ്. പ്രത്യേക അനുമതിയില്ലാതെ ഇവിടെ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
സംഭവം വാർത്തയായതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ നിരീക്ഷണ പറക്കലാണെന്ന് വ്യോമസേന വിശദീകരിച്ചു. എന്നാൽ ഹെലികോപ്റ്റർ എത്തിയതിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസിന് ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായിരിക്കാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹെലികോപ്റ്റർ എത്തുന്നതിനെക്കുറിച്ച് കേരള പൊലീസിന് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ല. ജടായുപാറ, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇതിന് മുമ്പും ശബരിമലയിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തീരസുരക്ഷാ സേനയുടെ സി.ജി 821 ഹെലികോപ്റ്റർ സന്നിധാനത്തിന് സമീപം താഴ്ന്ന് പറന്നിരുന്നു. കൊടിമരത്തിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ ഉയരത്തിലൂടെയാണ് അന്ന് ഹെലികോപ്റ്റർ പറന്നത്. ഹെലികോപ്റ്ററിൽ നാല് പേരുണ്ടായിരുന്നുവെന്നും ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഏകദേശം 30 സെക്കൻഡ് സന്നിധാനത്തിന് സമീപം പറന്ന ശേഷമാണ് ഹെലികോപ്റ്റർ മടങ്ങിയത്. വിവിധ പ്രദേശങ്ങളിൽ നടത്തുന്ന നിരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്ന് അന്ന് കൊച്ചിയിലെ പ്രതിരോധ വകുപ്പ് പിആർഒ വിശദീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
