കൊച്ചി: താരസംഘടനയായ അമ്മയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നതിനിടെ അഡ്‌ഹോക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് പോകില്ലെന്ന നിലപാടാണ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾ സ്വീകരിച്ചിരിക്കുന്നത്. മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങൾ തിരികെ കൈമാറിയതായും അവർ അറിയിച്ചു.
താക്കോലുകൾ, വൈഫൈ പാസ്‌വേഡ്, ഇമെയിൽ പാസ്‌വേഡ്, ഔദ്യോഗിക രേഖകൾ എന്നിവ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് തിരികെ കൈമാറിയതായി അഡ്‌ഹോക് കമ്മിറ്റി വ്യക്തമാക്കി. ഇതിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.
കോടതി ഇടപെടലുണ്ടായപ്പോൾ ജനറൽ ബോഡി അംഗങ്ങൾ പിന്തുണ നൽകിയില്ലെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ വിലയിരുത്തൽ. സംഘടനയിലെ മുതിർന്ന അംഗങ്ങൾ വിഷയത്തിൽ പ്രതികരിക്കാതിരുന്നതിലും കമ്മിറ്റിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം, നടൻ രമേഷ് പിഷാരടിയും ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ ശ്വേതാ മേനോന്റെ നടപടിക്കെതിരെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങൾ വിമർശനം ഉന്നയിക്കുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ രാജി പ്രഖ്യാപിച്ച മുൻ കമ്മിറ്റി തന്നെ തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകട്ടെയെന്നാണ് അഡ്‌ഹോക് കമ്മിറ്റിയുടെ നിലപാട്.
'അമ്മ'യുടെ ജനറൽ ബോഡിക്ക് ശേഷമാണ് ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചത്. തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക് കമ്മിറ്റി ചുമതലയേറ്റെങ്കിലും, മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചു.
ഇതിനിടെ അഡ്‌ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ കോടതിയെ സമീപിച്ചു. ജനറൽ ബോഡിയിൽ ഉയർന്ന വിമർശനങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷമേ സ്ഥാനമൊഴിയൂ എന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചത്.
ചട്ടങ്ങൾ പരിശോധിച്ച കോടതി, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായിരുന്ന പഴയ കമ്മിറ്റി തന്നെ സംഘടനയുടെ ചുമതല തുടരാമെന്ന് ഉത്തരവിട്ടു. ഇതിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റി ചെയർമാനായിരുന്ന രമേഷ് പിഷാരടി രാജിവെച്ചിരുന്നു.
ഇതിനിടെയാണ് രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത്. ഈ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
