ഹൃദയംകൊണ്ട് തീരുമാനങ്ങൾ എടുത്ത സത്യാന്വേഷി

AUGUST 28, 2025, 1:14 PM

കേരള, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ മുൻ അക്കൗണ്ടന്റ് ജനറലും രാഷ്ട്ര ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്ന, തിങ്കളാഴ്ച അന്തരിച്ച ജെയിംസ് കെ. ജോസഫിനെ ദീപികയുടെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ടി.ദേവപ്രസാദ് അനുസ്മരിക്കുന്നു.

തിളക്കമാർന്ന ഇന്നിംഗ്‌സ് പൂർത്തിയാക്കി കടന്നുപോയ ജയിംസ് കെ. ജോസഫ് (76) എന്ന പത്രാധിപരായ ഉദ്യോഗസ്ഥനെ ചരിത്രം അടയാളപ്പെടുത്തുന്നത് ഹൃദയംകൊണ്ട് തീരുമാനങ്ങളെടുത്ത സത്യാനേഷി എന്നായിരിക്കും.

കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും തമിഴിനാടിന്റെയും അക്കൗണ്ടന്റ് ജനറലായിരുന്ന ശേഷം സർവീസിൽനിന്നും വിരമിക്കുവാൻ 10 വർഷം ബാക്കിനില്‌ക്കെയാണ് സർക്കാർ സേവനം മതിയാക്കി ഔദ്യോഗിക പദവികളിൽനിന്നും സ്വയം വിരമിച്ചത്.

vachakam
vachakam
vachakam

വെബ് ജേർണലിസത്തിന്റെ തുടക്കക്കാരൻ

ദീപികയുടെ സാരഥിയാകുമ്പോഴാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരം കിട്ടുന്നത്. കർക്കശക്കാരനായ ഡോ. പി.കെ. അബ്രാഹമിനെ തുടർന്നുവന്ന സൗമ്യനായ ഈ സാരഥി അതുകൊണ്ടുതന്നെ ജീവനക്കാർക്ക് കുളിർമ പകരുന്ന ഓർമ്മയാണ്. ദീപികയുടെ ഉന്നതമായ പത്ര പ്രവർത്തനപാരമ്പര്യവുമായി വല്ലാത്ത അടുപ്പം സൂക്ഷിച്ച മനസിന്റെ ഉടമയായിരുനന്നു ജെയിംസ്. ജനനന്മക്കുവേണ്ടിയുള്ള സത്യാന്വേഷണം ആകണം നമ്മുടെ പത്രപ്രവർത്തനം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഒപ്പം പ്രവർത്തിക്കുന്നവരെ അംഗീകരിക്കുവാനും അവരുടെ ആത്മാർത്ഥമായ വിമർശനങ്ങൾ ഗൗരവത്തിൽ കണക്കിലെടുക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ദീപികയിൽ പ്രവർത്തിച്ച രണ്ടു വർഷം കൊണ്ട് ദീപികയിൽ വലിയ മാറ്റങ്ങൾക്ക്  അദ്ദേഹം തുടക്കുംകുറിച്ചു. വെബ് ജേർണലിസത്തിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ മലയാളപത്രമായി ദീപിക മാറിയത് അക്കാലത്താണ്. ജേക്കബ് മണ്ണംപ്ലാക്കൽ ആയിരുന്നു നെറ്റ് ദീപികയുടെ പ്രധാന ശില്പി. ജയിംസ് സാറിന്റെ കാലത്താണ് ദീപികയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണം ചിൽഡ്രൺസ് ഡൈജസ്റ്റ് ആരംഭിച്ചത്.

vachakam
vachakam
vachakam

കാരുണ്യം നിറഞ്ഞ ഹൃദയം

ഹ്യദയംകൊണ്ട് തീരുമാനങ്ങൾ എടുത്ത അദ്ദേഹത്തിന് അതിന്റെ പേരിൽ വലിയ വിലകൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു സംഭവം ഇതാണ്. അദ്ദേഹം ദീപികയെ നയിക്കുന്ന കാലം. ദീപികയുടെ ഒരു സ്ട്രിംഗർ ജീവനക്കാരൻ ഹൃദ്രോഗ ബാധിതനായി തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായി. ജീവൻ രക്ഷിക്കാൻ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും അതിനായി വൻതുക അടയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വഴിയും കാണാതെ അയാളുടെ ബന്ധുക്കൾ ദീപികയിലെത്തി.

ദീപികയുമായി നല്ലബന്ധം സൂക്ഷിക്കുന്ന സമർത്ഥനായ ഒരാളായിരുന്നു രോഗി. സഹായിക്കണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് വലിയൊരു തുകയാണ് അടക്കേണ്ടിയിരുന്നത്. അവർ ജെയിംസ് സാറിനെ കണ്ടു. അദ്ദേഹം സീനിയറായ സഹപ്രവർത്തകരോട് ആലോചിച്ചു. തുക കൊടുക്കാൻ തീരുമാനിച്ചു. എത്രയും വേഗം തിരിച്ചടക്കണം എന്ന വ്യവസ്ഥയിലാണ് നൽകിയത്.

vachakam
vachakam
vachakam

ഏതാനും ദിവസം കഴിഞ്ഞു. ആശുപത്രി അധികൃതർ ശസ്ത്രക്രിയ മാറ്റിവച്ചു. ദീപികയിൽ നിന്നും അടച്ച തുക വാങ്ങി സ്ട്രിംഗർ സ്ഥലംവിട്ടു. തുക തിരിച്ചടക്കാനോ സാറിനെ കണ്ടു സംസാരിക്കുവാൻപോലുമോ കൂട്ടാക്കിയില്ല. ഇത്രയും വലിയ തുക നൽകിയതിന് ഡയറക്ടർ ബോർഡ് ജെയിംസ് സാറിനെ കുറ്റപ്പെടുത്തി. ആ വേദന അദ്ദേഹം സഹിച്ചു, ഒരു സഹായത്തിനുള്ള സമ്മാനമായി.

ബസുകളുമായി നടത്തിയ വിലാപയാത്ര

തലസ്ഥാനത്ത് അദ്ദേഹം സുഹൃത്തിനോടൊപ്പം ആരംഭിച്ച വസ്ത്ര വ്യാപാരശാലയും ഇത്തരം ഹൃദയവിശാലതകൊണ്ട് മുന്നോട്ട് കൊണ്ടു പാകാനാവാതെ വന്നതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്.

ദീപിക വിട്ട അദ്ദേഹം കെ.എസ്.ഐ.ഡി.സിയുടെയും കെ.എസ്.ആർ.ടി.സിയുടെയും എ.ഡിയായി പ്രവർത്തിച്ചു. ഒരു വിദ്യാർത്ഥി സമരത്തിന് തകർക്കപ്പെട്ട ട്രാൻസ്‌പോർട്ട് ബസുകളുമായി തലസ്ഥാനത്ത് അദ്ദേഹം നടത്തിയ വിലാപയാത്ര വേറിട്ട കാഴ്ചയായി.

പ്രശസ്തരായ നിരവധി വ്യക്തികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മുൻമുഖ്യമന്ത്രി എ.കെ ആന്റണി അദ്ദേഹത്തിന്റെ ബന്ധുവാണ്. അന്തരിച്ച മുൻമന്ത്രി ബേബി ജോൺ ഭാര്യ പിതാവും മുൻ മന്ത്രി ഷിബു ബേബി ജോൺ ഭാര്യാസഹോദരനുമാണ്. കേരളത്തിലെ ചീഫ് സെക്രട്ടറിമാരായിരുന്ന ബാബു ജേക്കബ്, ലിസി ജേക്കബ്, പി.ജെ. തോമസ് എന്നിവരും കുടുംബാംഗങ്ങളാണ്. രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ് സഹോദരി ഭർത്താവാണ്.

പുരാതന കത്തോലിക്കാ കുടുംബമായ പൊൻകുന്നം കരിക്കാട്ടുകുന്നേൽ മുൻ വിദ്യാഭ്യാസ ഡയറകടർ എം.വി. ജോസഫിന്റെ മകനായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ജനനം. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്കോടെ പാസായ ജെയിംസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിലാണ്. സിവിൽ സർവീസ് പരീക്ഷ പാസായി അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ് വകുപ്പിൽ സർവീസ് ആരംഭിച്ചതു തിരുവനന്തപുരത്തായിരുന്നു.

കടപ്പാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam