അസാധാരണമായ ഉൾക്കാഴ്ചയുള്ള പ്രൊഫ. എം.കെ. സാനു മാഷ് പതിറ്റാണ്ടുകളുടെ സാംസ്‌ക്കാരിക സാക്ഷിയായിരുന്നു. കാലത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ വിസ്മയ വ്യക്തിത്വം. ആ മഹനീയ പ്രഭ മൺമറഞ്ഞിരിക്കുന്നു.
സാഹിത്യ നിരൂപണകലയിൽ അഗ്രഗണ്യൻ. എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള വ്യക്തി. വാർധക്യത്തിലും സാഹിത്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാനു മാഷ്.
1928 ഒക്ടോബർ 27ന് പ്രയാണമാരംഭിച്ച ആ കർമ്മയോഗി ഇക്കണ്ടകാലമത്രയും വിശ്രമമില്ലാതെ, ശരീരത്തിന് ബലം കുറഞ്ഞപ്പോഴും മനസിന് തെല്ലും ബലംകുറയാതെ തന്റെ കർമ്മയാത്ര തുടർന്നുകൊണ്ടിരുന്നു.
തൊണ്ണൂറ്റിയേഴ് വത്സരങ്ങൾ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വലിയ കാലഘട്ടം തന്നെയാണ്. ഈ നീണ്ട കാലഘട്ടത്തിൽ ഒരാൾ എന്തിനു വേണ്ടി ജീവിച്ചു എന്നത് പ്രധാനമാണ്. അങ്ങനെ നോക്കുമ്പോൾ 'സാർത്ഥകമായ ജീവിതം' എന്ന് മാഷിന്റെ ജീവിതത്തെ കുറിച്ച് സംശയലേശമന്യേ നമുക്ക് പറയാൻ കഴിയും. കാലത്തെയും സമൂഹത്തെയും ഭാവി തലമുറകളെയും കുറിച്ച് ചിന്തിച്ചുകൊണ്ടല്ലാതെ ആ ജീവിതവും എഴുത്തും വ്യാപരിച്ചിട്ടില്ല എന്നു കാണാം. കാലത്തോട് സംവാദിക്കാത്ത, ജനതയുടെ വേദനകളിൽ പങ്കുചേരാത്ത കേവല ദാർശനിക വ്യാപാരങ്ങളല്ല അദ്ദേഹത്തിന്റെ ചിന്തകളും കൃതികളും.
തന്റെ കാലത്തെ മാറ്റിപ്പണിയാൻ ദൃഢനിശ്ചയം ചെയ്ത ഗുരുനാഥന്റെ വിവേകപൂർണവും സൗമ്യവും സ്‌നേഹോദാരവുമായ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കൃതികളിൽ നാം കണ്ടെത്തുക. സാനു മാഷിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അദ്ദേഹം കുഞ്ഞുന്നാളിലേ കണ്ടറിഞ്ഞ മനുഷ്യാനുഭവങ്ങളാണ്. ഉദാഹരണത്തിന്, ആത്മകഥയായ 'കർമ്മഗതി'യുടെ തുടക്കത്തിൽ ചില നിർണായക അനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. അതാകട്ടെ, ഇന്നത്തെ ക്ഷേത്രപ്രവേശന വിവാദത്തോട് ചേർത്ത് വായിക്കേണ്ടതാണ്.
സംഭവം ഇങ്ങനെയാണ്: കുട്ടിയായിരിക്കെ ഒരിക്കൽ അമ്മയോടൊപ്പം അമ്പലത്തിൽ പോയി. അദ്ദേഹം സന്നിപാദജ്വരം പിടിച്ചു കിടന്നപ്പോൾ അമ്മ നേർന്ന വഴിപാട് കഴിക്കാൻ വേണ്ടിയാണ് പോയത്. ക്ഷേ, അമ്പലത്തിന് അടുത്ത് പോകാതെ കുറച്ചകലെ മാറി നിന്നാണ് അമ്മ തൊഴുതത്. ഒരു വാഴയിലത്തുമ്പിൽ പണം വച്ചിട്ട് അത് ദൂരെ വെറുംനിലത്ത് വച്ച് അകലെ മാറി നിന്നു. പൂജാരി അമ്പലത്തിൽ നിന്ന് പുറത്തു വന്ന് വാഴയിലയിലെ പണം എടുത്തു കൊണ്ടു പോയി. പൂജാരി വീണ്ടും പുറത്തു വന്ന് വാഴയിലയിൽ പ്രസാദം വച്ചുകൊടുത്തു. അന്നേരം അമ്മ മകനെയും കൂട്ടി മുമ്പോട്ടു ചെന്ന് വാഴയിലയിലെ പ്രസാദം എടുത്തു, രണ്ടുപേരുടെയും നെറ്റിയിൽ അണിഞ്ഞു.
കുട്ടിയായ സാനുവിന് ഒന്നും മനസിലാകുന്നില്ല. അമ്മയോട് ചോദിച്ചു: 'എല്ലാവരും അമ്പലത്തിനടുത്ത് പോകുന്നു. അകത്തും പോകുന്നു. നമ്മളെന്താണിങ്ങനെ അകന്നു നിൽക്കുന്നത്?'
'ശൂദ്രർ' മാത്രമേ അകത്ത് പോകാൻ പാടുള്ളൂ എന്ന് അമ്മ. അപ്പോൾ 'ശൂദ്രർ' ആരെന്നായി ചോദ്യം.
(നായർ സമുദായാംഗങ്ങളെപ്പറ്റി ശൂദ്രർ എന്നാണ് അന്ന് പറഞ്ഞുപോന്നിരുന്നത് എന്ന് സാനുമാഷ്) നമ്പൂതിരി, ശൂദ്രർ, വേലൻ, പുലയൻ, ഉള്ളാടൻ തുടങ്ങി അനേകം ജാതിക്കാർ ഹിന്ദുക്കളിലുണ്ടെന്ന വിവരം അങ്ങനെയാണ് അന്നാദ്യമായി അമ്മ പറഞ്ഞ് കുട്ടിയായ സാനു അറിയുന്നത്.
പക്ഷേ, എന്തുകൊണ്ട് അമ്പലത്തിനകത്ത് പോയിക്കൂടാ എന്ന് വീണ്ടും സംശയം. 'അതാണ് ആചാരം' എന്നു മാത്രമായിരുന്നു അമ്മയുടെ മറുപടി. ഈ 'ആചാരം' എന്നാൽ എന്താണെന്ന സംശയം പിന്നെയും ബാക്കി കിടന്നു. ഹിന്ദു മതത്തിലെ പലപല ജാതിക്കാരെ സവർണർ, അവർണർ എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നുവെന്നും, അവർണ ജാതിയിൽ പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിച്ചുകൂടാ എന്നത് പണ്ട് ആരോ ഉണ്ടാക്കിയ അനാചാരമാണെന്നും അച്ഛനാണ് വിശദീകരിച്ചു കൊടുത്തത്. എന്നിട്ട്, താഴെ വരികൾ ചൊല്ലിക്കേൾപിച്ച് അർത്ഥം പറഞ്ഞു കൊടുത്തു:
'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യോട്ടല്ലഹോ! ജാതിക്കോമരങ്ങൾ'
അച്ഛന്റെ വിശദീകരണങ്ങൾക്കൊടുവിൽ, 'ക്ഷേത്രവ്രേശനം എല്ലാ ഹിന്ദുക്കളുടെയും ജന്മാവകാശമാകുന്നു എന്ന ടി.കെ. മാധവന്റെ വാക്യം അപ്പോൾ തന്നെ എന്റെ മനസിലുറച്ചു' എന്നാണ് അതേക്കുറിച്ച് സാനു മാഷ് എഴുതുന്നത്. ('കർമ്മഗതി', പേജ്: 37-39)
കണ്ടതും കേട്ടതും അപ്പാടെ മനസിൽ തങ്ങി നിൽക്കുന്നത് ചെറുപ്പം മുതലേയുള്ള അദ്ദേഹത്തിന്റെ ശീലമാണ്. 'അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസിൽ ഏകാഗ്രമായി ശ്രദ്ധിക്കുന്ന വിദ്യാർത്ഥി. ശ്രദ്ധിച്ചു കേൾക്കുന്ന കാര്യങ്ങൾ മനസിൽ തങ്ങിനിൽക്കും എന്നതായിരുന്നു എന്റെ ബലം.' ('കർമ്മഗതി', പേ: 34)
ആ ബലത്തിൽ നിന്നാണ് പിൽക്കാലത്തെ സാനു മാഷ് ഉണ്ടായിത്തീരുന്നത്. അനുഭവങ്ങളുടെ ബലവും, നിർമലമായ ചിന്തയുടെ പ്രത്യക്ഷീകരണമായ വാഗ്ശുദ്ധിയും, എവിടെയും മനുഷ്യനെ മാത്രം കാണാൻ ശ്രമിക്കുമ്പോഴുള്ള സമഭാവനയും, ഭാവിയെ ഉറ്റുനോക്കുന്നവന്റെ പ്രതീക്ഷയും എല്ലാം ചേരുംപടി ചേർന്ന് ശാന്തമായും അവിരാമമായും ഓളംവെട്ടുന്ന നാൾതോളം ഉത്തമ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിൽ നിന്ന് കൈരളിക്ക് ലഭ്യമായിട്ടുള്ളത്.
ഞാൻ സാനു മാഷിന്റെ വിദ്യാർത്ഥിയാരുന്നിട്ടില്ല. സഹപ്രവർത്തകനായിരുന്നിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥിയായിരിക്കുന്നതിനേക്കാൾ കൂടുതലായി എനിക്കദ്ദേഹത്തിൽ നിന്നും പഠിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് നന്ദിയോടെ ഓർക്കുന്നു. 1998ലാണ് എന്റെ പ്രിയ സുഹൃത്ത് വി.വി.എ. ശുക്കൂർ (ശുക്കൂർ ഇന്ന് ജിവിച്ചിരിപ്പില്ല) കുടുംബ വിജ്ഞാനകോശം എന്ന ബ്രഹ്ത്തായ പുസ്തക പരമ്പരയുടെ പത്രാധിപ സമിതിയിലേക്ക് എന്നെ ക്ഷണിക്കുന്നത്. സാനു മാഷാണ് മുഖ്യപത്രാധിപർ.
ഞങ്ങളുടെ ആദ്യത്തെ എഡിറ്റോറിയൽ മീറ്റിങ്ങിൽ സാനുമാഷ് പറഞ്ഞതിങ്ങനെയാണ്: ഈ 'കുടുംബവിജ്ഞാനകോശം' മലയാള ഭാഷയിലെ ആദ്യത്ത സംരംഭമായിരിക്കണം. സമഗ്രമായി കുടുംബ ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്നിടത്തുനിന്നാണ് നമ്മുടെ ജോലി തുടങ്ങേണ്ടത്.
അതിന് ദീർഘമായ അദ്ധ്വാനവും അനേകം വ്യക്തികളുടെ സജീവ സഹകരണവും ആവശ്യമാണ്. കഴിയാവുന്നത്ര ആധികാരികതയിലും സമഗ്രതയിലും ഇത് അവതരിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചിക്കണം. എന്നാൽ, അതോടൊപ്പം തന്നെ ഓർക്കേണ്ട ഒരു കാര്യം ഇതാണ്: ഇത് എല്ലാം തികഞ്ഞ ഒരു ഗ്രന്ഥമാകണമെന്നില്ല. ഏതൊരു ഗ്രന്ഥത്തെപ്പറ്റിയും ഇപ്രകാരമല്ലേ പറയാനാവൂ?
ശരാശരി വായനക്കാർക്ക് മതിയാവുന്നത്ര വിശദാംശങ്ങളോടെ തന്നെയായിരിക്കണം ഒരോ വിഷയങ്ങളും അവതരിപ്പിക്കേണ്ടത്.
അകാരാദി ക്രമത്തിലല്ല ഈ വിജ്ഞാനകോശത്തിൽ വിഷയങ്ങൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. കുടുംബജീവിതത്തിന്റെ ശാശ്വതമൂല്യത്തിന് ഊന്നൽ നൽകുമ്പോൾ അകാരാദിക്രമം അപ്രധാനമായിത്തീരുകയേയുള്ളൂ. ഓരോ വിഷയവും അതിന്റെ പ്രാധാന്യം ചോർന്നു പോകാതെ ചിട്ടയോടെ ക്രമീകരിച്ചെടുക്കേണ്ട വലിയ ജോലി നമുക്കുണ്ട്. അങ്ങിനെവരുമ്പോൾ വായന കുറേക്കൂടി എളുപ്പമാകും. എന്നുമാത്രമല്ല, നിത്യജീവിതവുമായി വളരെ സജീവമായ ബന്ധം പുലർത്തേണ്ട ഒരു ഗ്രന്ഥം എന്ന നിലയ്ക്ക് അധ്യായം തിരിച്ചുള്ള അവതരണരീതി തന്നെയാണ് അഭികാമ്യം. എന്താ നിങ്ങളുടെ അഭിപ്രായം എന്നുകൂടി അദ്ദേഹം ചോദിച്ചു.
നമ്മൾ അതുവര കണ്ടുശീലിച്ച വിജ്ഞാനകോശ നിർമ്മിതിയിൽ നിന്നും തികച്ചും വ്യതിരിക്തമായ രീതി. അതു ഞങ്ങളെ അത്ഭുതപ്പെടുത്തി. ആ രീതിയോട് ഞങ്ങളെല്ലാവരും പൂർണ്ണമായി യോചിച്ചു.
മറ്റൊന്നുകൂടി സാനു മാഷ് ഓർമിപ്പിച്ചു. ഇത്തരത്തിലുള്ള ഒരു ഗ്രന്ഥരചന നിർവഹിക്കുമ്പോൾ ഓർത്തിരിക്കേണ്ട ഒരു പ്രധാന സംഗതി ഇത് വിശിഷ്ട പഠനം നടത്തിയ വിദഗ്ദർക്കു വേണ്ടിയല്ല, മറിച്ച് പഠനം ആരംഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയോ, സാമാന്യ വായനക്കാർക്കു വേണ്ടിയോ ആയിരിക്കണം. അത് നിങ്ങളുടെ മനസിലുണ്ടാകണം.
മാഷിന്റെ ആ വാക്കുകൾ സത്യത്തിൽ കുടുംബവിജ്ഞാനകോശത്തിനു മാത്രമല്ല, ഇത്തരത്തിൽ തയ്യാറാക്കുന്ന മറ്റേതൊരു കൃതിക്കും ബാധകമാണ് എന്നതാണ്. ഏതാണ്ട് മൂന്നുവർഷം കൊണ്ടാണ് ഞങ്ങൾ മൂന്നു വാല്യങ്ങളിലായി അത് പൂർത്തീകരിച്ചത്. സാനുമാഷിന്റെ ക്ഷമയോടുകൂടിയ സൂഷ്മമായ പരിശോധന എല്ലാ അധ്യയങ്ങളിലുമുണ്ടായി. എഡിറ്റിങ്ങിനെക്കുറിച്ച് അദ്ദേഹത്തിൽ നിന്നും ഏറെ കാര്യങ്ങൾ പഠിക്കാനായി എന്നതാണ് വ്യക്തിപരമായി എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം.
2013മുതൽ വീണ്ടും സാനു മാഷുമായി ഏറെ അടുത്തിടപെടാൻ മറ്റൊരവസരം ഉണ്ടായി. അത് വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രവുമായി ബന്ധപ്പെട്ടാണ്. ബഷീറിന് ഉചിതമായൊരു സ്മാരകം ഉണ്ടാകുന്നതിനോടൊപ്പം പഠനകേന്ദ്രത്തിന്റെ ലക്ഷ്യം: ''മലയാള ഭാഷക്കും സംസ്‌കാരത്തിനും വേണ്ടി, സാഹിത്യവിജ്ഞാന പാരമ്പര്യങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി, ഭാഷകളുടെയും സംസ്‌കാര വൈവിധ്യങ്ങളുടെയും താരതമ്യപഠനത്തിനു വേണ്ടി, ഒപ്പം ബഷീർ സാഹിത്യത്തിന്റെ പഠനഗവേഷണങ്ങൾക്കു വേണ്ടി നിസ്വാർത്ഥവും ജനകീയവുമായ ഒരു വേദി. അതാണ് വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം.
ഇതിന്റെ ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സാറും വൈസ് ചെയർമാൻ സാനു മാഷുമായിരുന്നു. ബഹുമാന്യനായ വി.ആർ. കൃഷ്ണയ്യർ ആയിരുന്നു മരിക്കുന്നതുവരെ ഇതിന്റെ രക്ഷാധികാരി. ആ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിക്കാനും എനിക്കു കഴിഞ്ഞതും ഓർക്കുന്നു. നല്ലൊരു മനുഷ്യസ്‌നേഹിയും അനേകം തലമുറകളുടെ ഗുരുവര്യനുമായ സാനുമാഷ് എന്ന അക്ഷരചൈതന്യത്തിന് പ്രണാമം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
