കഴക്കൂട്ടം എ.സി.പി പൃഥ്വിരാജിനെതിരെ കോടതി കേസെടുത്തതായി റിപ്പോർട്ട്. അധികാര ദുര്‍വിനിയോഗം നടത്തി കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ ആണ് കോടതി കേസെടുത്തത്. തമ്പാനൂരിലെ മുൻ ക്രൈം എസ്.ഐ വത്സലനെതിരെയും കേസുണ്ട്.
75കാരിയെയും മകനെയും വ്യാജ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തെന്നാണ് പരാതി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി.എസ്. സുമിയുടേതാണ് ഉത്തരവ്. പൃഥ്വിരാജ് തമ്പാനൂര്‍ സി.ഐയായിരുന്ന കാലത്ത് 2016ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ എന്ന അധികാരം ദുര്‍വിനിയോഗം ചെയ്ത് കള്ളക്കേസെടുത്തെന്ന പരാതിയില്‍ കാലടി സ്വദേശി വിനോദ് നല്‍കിയ സ്വകാര്യ ഹർജിയിലാണ് ഉത്തരവ്.
ഫെബ്രുവരി 29ന് പൃഥ്വിരാജ് നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരനും പൃഥ്വിരാജും തമ്മില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി എന്നും ഇതിനുശേഷം വിനോദിന്‍റെ ബന്ധുവായ സ്ത്രീ മരിച്ചപ്പോൾ സ്ത്രീയെ അടിച്ചുകൊന്നെന്ന വ്യാജകൊലക്കുറ്റം ചുമത്തി വിനോദിനെയും 75 വയസ്സുള്ള അമ്മയെയും പ്രതിചേര്‍ത്തു എന്നാണ് പരാതിയിൽ പറയുന്നത്.
അന്യായമായി തടവില്‍വെക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകക്കേസില്‍ പ്രതികളാക്കി അന്യായമായി കസ്റ്റഡിയില്‍വെച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്