തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സബ്മിഷന്‍ ആയി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് വിഷയം ഉന്നയിച്ചത്. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം വിഷയത്തിൽ ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കാട്ടാക്കട സ്വദേശിനിയായ യുവതി ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ട് വര്‍ഷക്കാലം ചികിത്സ നടത്തി. പിന്നീടൊരു ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനുള്ളില്‍ അസ്വഭാവികമായൊരു വസ്തു കണ്ടെത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.
വിഷയത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റും ഡോക്ടറും ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. കഠിനമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നല്‍കിയിട്ടും അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചികിത്സാ പിഴവുകള്‍ ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ എത്രയും വേഗം അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് യുവതിയുടെ ശരീരത്തില്‍ നിന്ന് ഗൗഡ് വയര്‍ നീക്കുന്നത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതാണ്. യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇത് ചെയ്ത ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് മനസിലാക്കുന്നത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്