ഹൈറിച്ച് ഉടമകള്‍ നടത്തിയത് 1157 കോടിയുടെ തട്ടിപ്പ്; കണക്ക് പുറത്തുവിട്ട് ഇ.ഡി

JANUARY 27, 2024, 12:27 AM

കൊച്ചി: ഹൈ റിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 1157 രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയ തുകയില്‍ വലിയൊരു പങ്ക് വിദേശത്തേക്ക് കടത്തിയിരുന്നു ഉടമകള്‍. കാനഡയില്‍ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചു.

എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

ഇ.ഡി.യുടെ റെയ്ഡിന് മുന്‍പ് രക്ഷപ്പെട്ട ഹൈ റിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈ റിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും എറണാകുളത്തെയും ശാഖകള്‍, ഉടമകളുടെ വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു ഇ.ഡിയുടെ റെയ്ഡ്.

ഇതിനു പിന്നാലെയാണ് അധികൃതര്‍ കണക്കുകള്‍ പുറത്തുവിട്ടത്. എച്ച്ആര്‍ കോയിന്‍ വഴി 1138 കോടിയാണ് തട്ടിയത്. ഇവര്‍ സമാഹരിച്ച പണത്തില്‍ 482 കോടി രൂപശേഖരിച്ചത്  ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.  പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്. അതേസമയം അറസ്റ്റ് സാധ്യത കണക്കിലെടുത്ത് പ്രതികള്‍ മുന്‍ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതികള്‍ക്കെതിരെ സമാനകേസുള്ള വിവരം കോടതിയെ ഇ.ഡി. അധികൃതര്‍ അറിയിക്കും.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ക്കു പുറമെ ഹൈ റിച്ച് ഉടമകള്‍ കോടികള്‍ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇ.ഡി. അന്വേഷണം തുടരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടി പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ വിജേഷ് പിള്ളയുടെ ആക്ഷന്‍ ഒടിടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്. പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.

ഇതിനു പിന്നാലെയാണ് എച്ച്ആര്‍ ക്രിപ്‌റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആര്‍ ക്രിപ്‌റ്റോയുടെ മൂല്യം രണ്ടു ഡോളറാണ്. 160 ഇന്ത്യന്‍ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരില്‍ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയില്‍ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തലുണ്ട്. നേരത്തേ, 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയര്‍ത്തി പ്രതാപനും ശ്രീനയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതാണു നിര്‍ണായകമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam