തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുകയാണ്. ലഹരി തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ നിർണ്ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നു. ലഹരി ഉപയോഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ നിയമ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്നും ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശം നൽകി. കുട്ടികളുടെ അച്ചടക്ക വിഷയങ്ങളിൽ അധ്യാപകർ നിയമ നടപടികൾ സ്വീകരിക്കണം. കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുമെന്ന കാരണത്താൽ ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചിരുന്നു. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നുമാണ് ഇപ്പോൾ വന്നിരിക്കുന്ന നിർദേശം.
അതേസമയം ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 14673 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 47 കേസുകളിലായി 49 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13605 ആയി. ഇതുവരെ 27476.313 ഗ്രാം എം.ഡി.എം.എയും 1820.746 കി.ഗ്രാം കഞ്ചാവും 7252.352 ഗ്രാം ഹാഷിഷ് ഓയിലും 778.309 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 17 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 0.250 ഗ്രാം എം.ഡി.എം.എയും 1.849 കി.ഗ്രാം കഞ്ചാവും 10.05 ഗ്രാം ഹാഷിഷ് ഓയിലും 0.20 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11366 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 995 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7928 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
