ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. വിദ്യാർഥി പ്രക്ഷോഭത്തെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ പ്രതിഷേധം ആത്മാർഥതയില്ലാത്തതാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും അവർ ആരോപിച്ചു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയായിരുന്നു ഗീതാഞ്ജലിയുടെ പ്രതികരണം. സോനം വാങ്ചുകിന്റെ ജനപ്രീതി സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പകരം ജന്തർ മന്തറിലെത്തി സമരം ചെയ്യുന്ന വിദ്യാർഥികൾക്കൊപ്പം നിൽക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു. ആത്മാർഥതയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ രാജ്യത്തെ യുവജനങ്ങൾ തിരിച്ചറിയുമെന്നും അത്തരം ശ്രമങ്ങളെ അവർ തള്ളിക്കളയുമെന്നും ഗീതാഞ്ജലി വ്യക്തമാക്കി.
സോനം വാങ്ചുകിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം പൂർണമായും രാഷ്ട്രീയ രഹിതമാണെന്നും ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ വിഷയത്തിൽ പാർലമെന്റ് ഗൗരവമായ ഇടപെടൽ നടത്തണമെന്നതാണ് പ്രധാന ആവശ്യമെന്നും അവർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധങ്ങൾക്കപ്പുറം പ്രശ്നപരിഹാരത്തിനായുള്ള നടപടികളാണ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തതും ബലമായി നീക്കിയതും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
അതേസമയം, ജന്തർ മന്തറിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക് നിരാഹാര സമരം തുടരുകയാണ്. ദില്ലി ഹൈക്കോടതിയുടെ അനുമതിയോടെയാണ് അദ്ദേഹത്തെ അദ്ദേഹം നിർദേശിച്ച ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാര സമരം ഇപ്പോൾ 26-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സമരം അവസാനിപ്പിക്കുന്നതിനുള്ള ചില നിർദേശങ്ങൾ ഉൾപ്പെടുത്തിയ കത്ത് സോനം വാങ്ചുക് കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പാണ് അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി വാങ്ചുക്കുമായി ചർച്ച നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
