ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതുസംബന്ധിച്ച നിയമഭേദഗതി ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
നിലവിൽ ദേശീയഗാനമായ 'ജനഗണമന' ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതിനോ അവഹേളിക്കുന്നതിനോ എതിരെയുള്ള നിയമത്തിലാണ് ആഭ്യന്തര മന്ത്രാലയം ഭേദഗതി വരുത്തുന്നത്. ദേശീയഗാനത്തിനൊപ്പം വന്ദേമാതരത്തെക്കൂടി ഈ നിയമത്തിന്റെ നിയമപരിധിയിൽ ഉൾപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ വന്ദേമാതരം പാടുന്നത് ആരെങ്കിലും തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് തടസ്സം നിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം.
നിർണായകമായ ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ, സഭ അവസാനിക്കുന്നത് വരെ നിർബന്ധമായും രാജ്യസഭയിൽ ഹാജരുണ്ടാകണമെന്ന് ബിജെപി തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും അപമാനിക്കുന്നതിനെതിരെയുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുന്ന നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
