ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജി ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ലോക്സഭയില്‍ ബഹളം. ബാനര്‍ജിയുടെ പരാമര്‍ശം സ്പീക്കര്‍ ഓം ബിര്‍ള രേഖകളില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സിന്ധ്യയോട് മാപ്പ് പറയുകയും ചെയ്തു. തന്നെയും ഇന്ത്യയിലെ സ്ത്രീകളെയുമാണ് ബാനര്‍ജി അപമാനിച്ചതെന്നും ക്ഷമാപണം സ്വീകാര്യല്ലെന്നും സിന്ധ്യ വ്യക്തമാക്കി.
ദുരന്തനിവാരണ നിയമത്തിലെ ഭേദഗതികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബാനര്‍ജി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുത്തത്. കോവിഡ് -19 മഹാമാരി സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നിസ്സഹകരിച്ചെന്ന് തൃണമൂല്‍ എംപി ആരോപിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയും ബാനര്‍ജിയുടെ ആരോപണങ്ങളെ എതിര്‍ത്തു. തുടര്‍ന്ന് കല്യാണ്‍ ബാനര്‍ജി സിന്ധ്യക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
ബഹളത്തെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും സഭ നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തു. ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോള്‍, തന്റെ പരാമര്‍ശത്തിന് കല്യാണ്‍ ബാനര്‍ജി ക്ഷമാപണം നടത്തിയെങ്കിലും സിന്ധ്യ ക്ഷമാപണം നിരസിച്ചു.
'ജീവിതത്തില്‍ ഒരു വ്യക്തിയും അവരുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഞങ്ങളുടെ നയങ്ങളിലും കാഴ്ചപ്പാടുകളിലും ഞങ്ങളെ ആക്രമിക്കുക, എന്നാല്‍ നിങ്ങള്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍, തീര്‍ച്ചയായും പ്രതികരണത്തിന് തയ്യാറാകുക,' ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
'അദ്ദേഹം മാപ്പ് പറഞ്ഞു... എന്നോടും ഇന്ത്യയിലെ സ്ത്രീകളോടും അദ്ദേഹം നടത്തിയ വ്യക്തിപരമായ ആക്രമണത്തിന് ഞാന്‍ ക്ഷമാപണം സ്വീകരിക്കുന്നില്ല,' സിന്ധ്യ പറഞ്ഞു.
രാജ്യത്തെ സ്ത്രീകളെ അധിക്ഷേപിച്ച ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി വനിതാ എംപിമാര്‍ പിന്നീട് സ്പീക്കറെ കണ്ടു. വഖഫ് ബില്‍ സംബന്ധിച്ച ജെപിസിയില്‍ അംഗമായിരുന്ന ബാനര്‍ജി ചില്ലുകുപ്പി അടിച്ചുപൊട്ടിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതും വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്