മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കൂറുമാറ്റ നീക്കങ്ങൾ വീണ്ടും ആവർത്തിക്കുന്നതായി റിപ്പോർട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യു.ബി.ടി) നിന്ന് പാർലമെന്റ് അംഗങ്ങളെ പണം നൽകി വിലയ്ക്കെടുക്കാൻ ഭരണപക്ഷമായ ഷിന്ദേ വിഭാഗം ശ്രമിക്കുന്നതായി പാർട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു.
ഒരു എം.പിക്ക് 15 കോടി രൂപ വീതമാണ് ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിഭാഗം വാഗ്ദാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതും അറപ്പുളവാക്കുന്നതുമായ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എം.പിമാരെ ചാക്കിട്ടുപിടിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ ഉപയോഗിക്കുന്നുണ്ടെന്നും നന്ദേഡ് വിമാനത്താവളത്തിൽ നിന്ന് രണ്ട് എം.പിമാരെ കൊണ്ടുപോകാനായി സ്വകാര്യ വിമാനം അയച്ചതായും റാവുത്ത് ചൂണ്ടിക്കാട്ടി.
മുൻപ് ഒരു ഓട്ടോറിക്ഷയ്ക്ക് പോലും വകയില്ലാത്തവരായിരുന്നു ഈ വിമതർ എന്നും, താക്കറെ എന്ന പേരിന്റെ കരുത്തിലാണ് ഇവർ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാൻ പാകത്തിൽ വളർന്നതെന്നും റാവുത്ത് പരിഹസിച്ചു. എങ്കിലും പണക്കൊഴുപ്പിൽ വീഴാതെ ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവർ പാർട്ടി വിട്ടുപോകില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആറ് ഉദ്ധവ് പക്ഷ എം.പിമാർ നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇതിനുപുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
അടുത്തിടെ ഉദ്ധവ് താക്കറെ തന്റെ വസതിയിൽ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ നിന്നും ആദിത്യ താക്കറെയുടെ ജന്മദിനാഘോഷങ്ങളിൽ നിന്നും അഞ്ച് എം.പിമാർ വിട്ടുനിന്നത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ഈ വിമത എം.പിമാർ ഡൽഹിയിൽ വെച്ച് ഏകനാഥ് ഷിന്ദേയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്ദേയുടെ വസതിയിൽ മുഖ്യമന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ ശേഷം ഇവർ ഔദ്യോഗികമായി ഷിന്ദേ പക്ഷവുമായി ലയിച്ചേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
