'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക'! ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യകള്‍ക്കുമായി എല്ലാ ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ട് സുവേന്ദു അധികാരി

MAY 24, 2026, 7:26 PM

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിയമവിരുദ്ധമായി താമസിക്കുന്ന വിദേശ പൗരന്മാരെ പാര്‍പ്പിക്കുന്നതിനായി സംസ്ഥാനത്തെ 23 ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ബംഗ്ലാദേശി പൗരന്മാര്‍, റോഹിങ്ക്യകള്‍ എന്നിവരുള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ളതാണ് നടപടി. സംസ്ഥാനത്ത് അധികാരമേറ്റ പുതിയ ബിജെപി സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ കണ്ടെത്തി പുറത്താക്കുന്നതിനായി മുഖ്യമന്ത്രി സുവേന്ദു അധികാരി 'ഡിറ്റക്ട്, ഡിലീറ്റ്, ഡിപോര്‍ട്ട്' (കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക) എന്ന കര്‍ശന നയം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനകമാണ് ആഭ്യന്തര വകുപ്പിന്റെ ഈ പുതിയ വിജ്ഞാപനം പുറത്തുവരുന്നത്. അസമിന് ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇത്തരമൊരു വിപുലമായ സംവിധാനം ഒരുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഇതോടെ പശ്ചിമ ബംഗാള്‍ മാറി.

എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അയച്ച ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 2025 മെയ് രണ്ടിന് കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി അതത് സംസ്ഥാന പൊലീസിന്റെ മേല്‍നോട്ടത്തില്‍ ഹോള്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കേണ്ടതുണ്ട്.

ഈ കേന്ദ്രങ്ങളില്‍ പ്രധാനമായും രണ്ട് വിഭാഗം ആളുകളെയാണ് പാര്‍പ്പിക്കുക. കൃത്യമായ രേഖകളില്ലാതെ അതിര്‍ത്തി കടന്ന് പിടിക്കപ്പെടുന്ന വിദേശികള്‍. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി, സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തല്‍/തിരിച്ചയയ്ക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നതും കാത്തിരിക്കുന്ന വിദേശ തടവുകാര്‍ എന്നിവരെയാണ് ഇവിടെ പാര്‍പ്പിക്കുക.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു അനധികൃത കുടിയേറ്റം. ഭരണം ഏറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ ഇതിനായുള്ള നടപടികളിലേക്ക് കടന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരാത്ത എല്ലാ വിദേശ പൗരന്മാരെയും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്നും അവരെ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത് നേരിട്ട് അതിര്‍ത്തി രക്ഷാസേനയ്ക്ക് കൈമാറുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ നിയമപ്രകാരം (സെക്ഷന്‍ 2, സബ്-സെക്ഷന്‍ 1, ക്ലോസ് ബി) സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിക്കുന്നവരോ, അല്ലെങ്കില്‍ അനുവദിച്ച വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരോ ആയ വിദേശികളെയാണ് 'അനധികൃത കുടിയേറ്റക്കാരന്‍' എന്ന് നിര്‍വചിക്കുന്നത്. പുതിയ ഉത്തരവോടെ വിദേശികളുടെ പൗരത്വ നിര്‍ണയം, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കല്‍, നാടുകടത്തല്‍ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam