ന്യൂഡല്‍ഹി: പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കർ ദത്ത, എസ്.സി. ശർമ്മ എന്നിവർ ഭിന്നവിധി എഴുതി.
1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അർഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗ്ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. ഈ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഢ് മുസ്ലിം സർവ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഒരു വിദ്യാഭ്യാസസ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവർ സ്ഥാപിച്ച് ഭരണം നടത്തുകയാണെങ്കില്‍ മാത്രമേ അവർക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ സാധിക്കുകയുള്ളു എന്നാണ് 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ വിധിച്ചത്. അലിഗഢ് മുസ്ലിം സർവ്വകലാശാല, പാർലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നായിരുന്നു ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്