ഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങളിൽ വിശ്വസിക്കരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും എൻടിഎ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.
ടെലിഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന അവകാശവാദവുമായി ചില തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നതായി എൻടിഎ കണ്ടെത്തിയിട്ടുണ്ട്. വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും ഉപയോഗിച്ച് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനാണ് ഇവരുടെ ശ്രമമെന്നും അധികൃതർ വ്യക്തമാക്കി.
പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എൻടിഎ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കാരണം വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരീക്ഷാ തയ്യാറെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഈ വർഷം പരീക്ഷാ നടത്തിപ്പിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാൻ പ്രത്യേക നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും എൻടിഎ വ്യക്തമാക്കി.
വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റും അറിയിപ്പുകളും മാത്രമേ വിദ്യാർഥികളും രക്ഷിതാക്കളും ആശ്രയിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
