താനെ: ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. താനെ സ്വദേശിയായ വിശാഖ തിൽക്കർ (26) ആണ് വിവാഹം കഴിഞ്ഞ് 48-ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ ഡോക്ടറായ ഭർത്താവ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തു. നിതിന്റെ അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം. തങ്ങളുടെ കുടുംബത്തിന്റെ പെരുമയ്ക്കനുസരിച്ചുള്ള സ്ത്രീധനവും സ്വർണ്ണവും വധുവിന്റെ വീട്ടിൽ നിന്ന് ലഭിച്ചില്ലെന്ന് ആരോപിച്ച് വിവാഹത്തിന് തൊട്ടുപിന്നാലെ നിതിനും കുടുംബവും വിശാഖയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ സ്വർണ്ണവും പണവും സ്വന്തം വീട്ടിൽ നിന്ന് ചോദിച്ചു വാങ്ങാൻ ഇവർ യുവതിക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി.
വിശാഖയെ കടുത്ത സംശയമായിരുന്ന ഭർത്താവ് നിതിൻ, ഭാര്യയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി കിടപ്പുമുറിയിൽ ഉൾപ്പെടെ വീടിനകത്തും പുറത്തും സി.സി.ടി.വി (CCTV) ക്യാമറകൾ സ്ഥാപിച്ചിരുന്നു. വീടിന് പുറത്തുള്ള ആരോടെങ്കിലും സംസാരിച്ചാൽ പോലും വിശാഖയ്ക്ക് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം അയൽവാസിയായ ഒരു സ്ത്രീയോട് ചിരിച്ചു സംസാരിക്കുന്നത് സി.സി.ടി.വിയിൽ കണ്ട ഭർതൃവീട്ടുകാർ വിശാഖയെ ക്രൂരമായി മർദ്ദിച്ചു. ഈ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
നേരത്തെ സ്വന്തം വീട്ടിലെത്തിയപ്പോൾ ഭർതൃവീട്ടിലെ ദുരിതജീവിതത്തെക്കുറിച്ച് വിശാഖ അമ്മയോട് തുറന്നു പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മകളെ തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾ തീരുമാനിക്കുകയും നിതിന്റെ വീട്ടിലേക്ക് വരാൻ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് മരണവാർത്ത പുറത്തുവരുന്നത്. പ്രതികൾക്കെതിരെ ശാരീരിക-മാനസിക പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
