ന്യൂഡൽഹി: സാധാരണക്കാരായ ഉപഭോക്താക്കൾക്ക് രാജ്യത്ത് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. വ്യാവസായിക-വാണിജ്യ ആവശ്യങ്ങൾക്കായി വൻകിട സ്ഥാപനങ്ങൾ റീട്ടെയിൽ പെട്രോൾ പമ്പുകളെ ആശ്രയിക്കുന്നത് കേന്ദ്ര സർക്കാർ പൂർണ്ണമായും വിലക്കി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഏർപ്പെടുത്തിയ ഈ നിയന്ത്രണം പ്രാഥമികമായി 90 ദിവസത്തേക്കാണെങ്കിലും സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ നീട്ടിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി.റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം മുതലെടുത്ത് വൻകിട ഉപഭോക്താക്കൾ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങിക്കൂട്ടുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോൾ, ഡീസൽ ക്ഷാമത്തിന് കാരണമായിരുന്നു.
ഈ അസാധാരണമായ വിൽപ്പന വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്റെ അടിയന്തിര ഇടപെടൽ. പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് വൻകിട ഉപഭോക്താക്കൾ എന്നിവർക്ക് ഇനി റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല. പകരം ഇവർ അംഗീകൃത ബൾക്ക് സപ്ലൈ സംവിധാനങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ ഇന്ധനം കണ്ടെത്തണം.
റീട്ടെയിൽ, ബൾക്ക് വിലകൾ തമ്മിലുള്ള വലിയ വ്യത്യാസമാണ് വൻകിടക്കാരെ റീട്ടെയിൽ പമ്പുകളിലേക്ക് ആകർഷിച്ചത്. ഉദാഹരണത്തിന്, രാജ്യതലസ്ഥാനമായ ഡൽഹിയിൽ റീട്ടെയിൽ പമ്പുകളിൽ ലിറ്ററിന് 95.20 രൂപയ്ക്കാണ് ഡീസൽ വിൽക്കുന്നത്. എന്നാൽ ഇതേ ഡീസലിന്റെ ബൾക്ക് വിൽപ്പന വില ലിറ്ററിന് 134.50 രൂപയോളമാണ്. ഈ വിലവ്യത്യാസം വഴിയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വൻകിടക്കാർ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങിയിരുന്നത്.
റീട്ടെയിൽ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങുന്നതിന് പൊതുജനങ്ങൾക്കും ചില പുതിയ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്: വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക പാത്രങ്ങളിലേക്കോ മാത്രമേ ഇനി ഡീസൽ നൽകൂ.
ഒരു ഉപഭോക്താവിനോ അല്ലെങ്കിൽ ഒരു വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ റീട്ടെയിൽ പമ്പിൽ നിന്ന് ലഭിക്കൂ.പമ്പുകളിൽ നിന്ന് വാങ്ങുന്ന ഡീസൽ യാതൊരു കാരണവശാലും മറിച്ചുവിൽക്കാൻ (Resale) പാടുള്ളതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
