ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയും വിവാദങ്ങളും സൃഷ്ടിച്ച കരിനിഴല്‍ മാറ്റിവെച്ച്, രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി പുനപരീക്ഷ കനത്ത സുരക്ഷയില്‍ പൂര്‍ത്തിയായി. രാജ്യത്തിനകത്തും പുറത്തുമായി 22 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍ പരീക്ഷയിലുണ്ടായ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും ശക്തമായ മുന്‍കരുതലുകളാണ് ഇത്തവണ സ്വീകരിച്ചത്.
ഇന്ത്യയിലെ 551 നഗരങ്ങളിലായി 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷാ ഡ്യൂട്ടിക്കായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയായിരുന്നു നിയോഗിച്ചിരുന്നതെങ്കില്‍, ഇത്തവണ കേന്ദ്രസേനയെയും പൊലീസിനെയുമാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചത്. രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി.
ഹൈടെക് കോപ്പിയടിയും ക്രമക്കേടുകളും തടയാനായി 95,000 ക്ലാസ് മുറികളിലായി 1,38,000 നിര്‍മിത ബുദ്ധി ക്യാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്നത്. കൂടാതെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളില്‍ അതീവ കര്‍ശനമായ സമയക്രമമാണ് പാലിച്ചത്. ഉച്ചയ്ക്ക് 1:30-ഓടെ തന്നെ എല്ലാ കേന്ദ്രങ്ങളുടെയും ഗേറ്റുകള്‍ അടച്ചു. എന്നാല്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, പുതിയ ഹാള്‍ ടിക്കറ്റിന് പകരം ആദ്യ പരീക്ഷയുടെ പഴയ ഹാള്‍ ടിക്കറ്റുമായി എത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം നിഷേധിച്ചു. കനത്ത ഗതാഗതക്കുരുക്കില്‍പ്പെട്ട് കൃത്യസമയത്ത് എത്താന്‍ കഴിയാത്തവര്‍ക്കും ഇത്തവണ പരീക്ഷ എഴുതാന്‍ സാധിച്ചില്ല.
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍, വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിയ രക്ഷിതാക്കള്‍ക്കായി ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കടുംചൂടില്‍ നിന്നും ആശ്വാസം നല്‍കാന്‍ വലിയ കൂളറുകളും കുടിവെള്ളവും അടങ്ങിയ 'കൂളിങ് സോണുകള്‍' പല കേന്ദ്രങ്ങളിലും സജ്ജീകരിച്ചത് ആശ്വാസമായി.
മുന്‍പ് നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ കേന്ദ്ര സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും വലിയരീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ കനത്ത മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ രാജ്യത്ത് 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. മരണപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍, ഇനിയൊരു വീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അതീവ ജാഗ്രതയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
