ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയുടെ ഇന്ത്യ-തെക്കുകിഴക്കന്‍ ഏഷ്യ വിഭാഗം വൈസ് പ്രസിഡന്റ് സന്ധ്യ ദേവനാഥന്‍ കമ്പനി വിടുന്നു. ഒരു ദശാബ്ദക്കാലത്തെ ശ്രദ്ധേയമായ സേവനത്തിനു ശേഷമാണ് സന്ധ്യ മെറ്റയുടെ പടിയിറങ്ങുന്നത്. പ്രമുഖ നിര്‍മിത ബുദ്ധി കമ്പനിയായ ഓപ്പണ്‍ എഐയുടെ തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ മേഖലകളുടെ വൈസ് പ്രസിഡന്റായി അവര്‍ ഉടന്‍ ചുമതലയേല്‍ക്കും. വെള്ളിയാഴ്ച ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറപ്പിലൂടെ സന്ധ്യ തന്നെയാണ് മെറ്റയില്‍നിന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.
ഓപ്പണ്‍ എഐ പുതുതായി രൂപീകരിച്ച റീജണല്‍ വൈസ് പ്രസിഡന്റ് പദവിയിലായിരിക്കും സന്ധ്യ പ്രവര്‍ത്തിക്കുക. തെക്കുകിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയിലുമുള്ള കമ്പനിയുടെ ഏറ്റവും മുതിര്‍ന്ന എക്സിക്യൂട്ടീവ് പദവിയാണിത്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. ഓപ്പണ്‍ എഐയുടെ ഏഷ്യ-പസഫിക് മേഖലയുടെ മാനേജിങ് ഡയറക്ടറായ കിരണ്‍ മണിക്ക് കീഴിലായിരിക്കും സന്ധ്യയുടെ പുതിയ ചുമതലകള്‍. മേഖലയിലെ ഉപഭോക്തൃ വളര്‍ച്ച, ബിസിനസ് പങ്കാളിത്തങ്ങള്‍, എന്റര്‍പ്രൈസ് തലത്തിലുള്ള എഐ വ്യാപനം, നിയമപരമായ ഏകോപനം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നതോടൊപ്പം ഓപ്പണ്‍ എഐ ഉല്‍പ്പന്നങ്ങളുടെയും ചാറ്റ്ജിപിറ്റിയുടെയും ഉപയോഗം വിപുലമാക്കുന്നതിലും അവര്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കും.
2016 ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ ദേവനാഥന്‍, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുന്നതിലും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഇ-കൊമേഴ്സ് മുന്നേറ്റത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2020 ല്‍ ഏഷ്യാ പസഫിക് ഗെയിമിങ് വിഭാഗത്തിന്റെ തലപ്പത്തെത്തിയ അവര്‍ 2022 ന്റെ അവസാനത്തോടെയാണ് മെറ്റ ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. സാങ്കേതിക വിദ്യ, ബാങ്കിങ്, പേയ്മെന്റ് മേഖലകളില്‍ 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയസമ്പത്തുള്ള വ്യക്തിയാണ് സന്ധ്യ.
സന്ധ്യയുടെ പടിയിറക്കത്തോടെ മെറ്റയുടെ ഉദ്യോഗസ്ഥതലത്തില്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. മെറ്റ ഇന്ത്യ മാനേജിങ് ഡയറക്ടറും കണ്‍ട്രി ഹെഡുമായ അരുണ്‍ ശ്രീനിവാസ് ഇനി മുതല്‍ മെറ്റ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ബെഞ്ചമിന്‍ ജോയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. അതേസമയം ഏഷ്യാ പസഫിക് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂര്‍, ടോക്കിയോ, സോള്‍, സിഡ്നി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓപ്പണ്‍ എഐ പുതിയ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ കമ്പനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രഭ്ജീത് സിങ്ങിനെ ഓപ്പണ്‍ എഐ നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
