നാഗ്പൂർ: വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇരുപത്തിനാലുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് മതംമാറ്റാൻ ശ്രമിക്കുകയും ചെയ്ത ക്രൂരമായ സംഭവം പുറത്ത്. തന്നെ വിട്ടയക്കാൻ യുവതി കരഞ്ഞു യാചിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം രാജ്യമൊട്ടാകെ ചർച്ചയായത്. യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ എന്ന ഇരുപത്തിയാറുകാരൻ യുവതിയുടെ കൈകളിൽ ബലമായി പിടിച്ച് മതപരമായ മന്ത്രങ്ങൾ ചൊല്ലി മുഖത്തേക്ക് ഊതുന്നതും, ഇതിൽ നിന്ന് രക്ഷപ്പെടാൻ യുവതി ആഞ്ഞുശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ ചടങ്ങുകൾക്ക് ശേഷം താൻ മതം മാറിയതായി പ്രതികൾ പ്രഖ്യാപിച്ചെന്നും തുടർന്ന് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒരു വർഷത്തിലേറെ പഴക്കമുള്ള സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് ജോലിസ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതി ക്രൂരമായ പീഡനവിവരം തുറന്നുപറഞ്ഞതും തുടർന്ന് പോലീസിൽ പരാതി നൽകിയതും. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ അയ്യാസ് താജ് മദാരെ, മുപ്പതുകാരനായ അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ ഹസ്രത് മൗലാന എന്ന മൂന്നാം പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയായ യുവതി നാഗ്പൂരിൽ വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയാണ്. ഇവരുടെ ഭർത്താവ് ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വസ്തു വാങ്ങാനെന്ന വ്യാജേന യുവതിയെ ബന്ധപ്പെട്ട അയ്യാസ്, ഇവരെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതിന് പുറമെ ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് യുവതിക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും പലതരത്തിലുള്ള ആചാരങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
തുടർന്ന് മെയ് മാസത്തിൽ യുവതിയെ നാഗ്പൂരിലെ ഒരു വിജനമായ സ്ഥലത്ത് എത്തിച്ചാണ് മറ്റ് പ്രതികളായ അമീൻ ഷെയ്ഖിനും ഹസ്രത് മൗലാനയ്ക്കും പരിചയപ്പെടുത്തുന്നത്. ഇവിടെ വെച്ച് നിർബന്ധപൂർവ്വം ചില മതപരമായ ചടങ്ങുകൾ നടത്തുകയും യുവതിയുടെ മതംമാറ്റം പൂർത്തിയായതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിന് ശേഷവും പ്രതികൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ നാഗ്പൂർ സോനേഗാവ് പോലീസ് കേസെടുത്തു. പീഡനം, പണം തട്ടിയെടുക്കൽ, നിർബന്ധിത മതംമാറ്റ ശ്രമം എന്നിവയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ അനാചാരങ്ങൾക്കെതിരെയുള്ള പ്രത്യേക നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
