ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് ധാരണയായെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിര്‍ത്തിയിലെ വന്‍ സേനാവിന്യാസം പിന്‍വലിക്കില്ല. അടുത്ത നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ ചര്‍ച്ചകളിലെ ധാരണപ്രകാരമാകും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും അത്തരത്തിലുള്ള ഏത് നീക്കവും യുദ്ധമായി കണക്കാക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ കാണിക്കുന്ന വിട്ടുവീഴ്ചാ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍ നടപടികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യോമസേനയും വ്യക്തമാക്കി. ഐഎംഎഫില്‍ നിന്നുള്ള സഹായ ധനത്തിന്റെ കാര്യത്തിലടക്കം ആശങ്ക ഉയര്‍ന്നപ്പോഴാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍തല ചര്‍ച്ചയില്‍ പാകിസ്ഥാന്‍ ഇന്ത്യയുമായും പങ്കുവെച്ചിട്ടുണ്ട്. തുടര്‍ ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും.
ഇന്നത്തെ ചര്‍ച്ചയില്‍ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത് പുനപരിശോധിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടേക്കും. ഇന്ത്യ വഴങ്ങില്ലെന്നാണ് സൂചന. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതടക്കം, പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഏര്‍പ്പെടുത്തിയ ഉപരോധ നടപടികള്‍ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിനിടെ, വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള സ്ഥിതിഗതികള്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്