ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതിന് പിന്നാലെ നദികള്‍ക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കാന്‍ കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങാനൊരുങ്ങി ഇന്ത്യ. 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിനാവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ കേന്ദ്ര ജലശക്തിമന്ത്രാലയം, നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനോട് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനെതിരേ ഇന്ത്യ പ്രഖ്യാപിച്ച ഉപരോധനടപടികളുടെ ഭാഗമായാണ് സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചത്.
ചെനാബ് നദിയിലെ സലാല്‍ ഡാമില്‍ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചു. ബഗ്‌ളിഹാര്‍ ഡാമില്‍ നിന്നുള്ള ഒഴുക്ക് നേരത്തേ നിയന്ത്രിച്ചിരുന്നു. കൂടുതല്‍ ഡാമുകളില്‍ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം സാങ്കേതിക വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.
ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാന്‍ നേരത്തേ ഇന്ത്യ നീങ്ങിയെങ്കിലും നദീജലക്കരാര്‍ വ്യവസ്ഥകളുയര്‍ത്തി പാകിസ്താന്‍ എതിര്‍പ്പുന്നയിച്ചതോടെ പണി നിര്‍ത്തിവെച്ചു. കരാര്‍ മരവിപ്പിച്ചതോടെ, കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദേശിച്ചു.
സാവല്‍കോട്ട്- 1856 മെഗാവാട്ട്, പകാല്‍ദുല്‍- 1000, റാറ്റ്ല്‍- 850, ബര്‍സര്‍- 800, കിരു- 624, കിര്‍ത്തായ്-1, 2 - 1320 മെഗാവാട്ട് എന്നിവയുള്‍പ്പെടെ വിവിധപദ്ധതികളാണ് പാതിവഴിക്ക് നിലച്ചത്. ഇവ പുനരുജ്ജീവിപ്പിച്ച് പൂര്‍ണമായും ദേശീയഗ്രിഡിനോട് ബന്ധിപ്പിക്കാനാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമേയാണ് പുതിയ പദ്ധതികള്‍ക്കുള്ള സാധ്യതാപഠനം നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനം, ശുദ്ധജലപ്രവാഹത്തിലെ കുറവ് എന്നിവകാരണം സിന്ധുനദീതടം ചുരുങ്ങുകയാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ പഠനം ഈയിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നദീതടത്തില്‍ ഇന്ത്യ പുതിയ ജലപദ്ധതികള്‍ക്കായി നടത്തുന്ന നീക്കങ്ങളെ പാകിസ്താന്‍ എതിര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്